ADVERTISEMENT

പറവൂർ ∙ മാലിന്യനീക്കത്തിന് നഗരസഭ ഉപയോഗിക്കുന്ന 2 വാഹനങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. നഗരസഭ ഓഫിസിന് എതിർവശത്തെ മുനിസിപ്പൽ പാർക്കിൽ ഇട്ടിരുന്ന ട്രാക്ടറിന്റെയും മിനി ലോറിയുടെയും എൻജിനിൽ കല്ലും മണ്ണും ഇരുമ്പു കഷണങ്ങളും ഇട്ടാണ് തകരാറിലാക്കിയത്. മിനി ലോറി പുതുതായി വാങ്ങിയ വണ്ടിയാണ്.

പാർക്കിൽ സിസിടിവി ക്യാമറയില്ലാത്തതിനാൽ വാഹനങ്ങൾ നശിപ്പിച്ചതാരെന്നു കണ്ടെത്താനായില്ല. വാഹനങ്ങൾ കെട്ടിവലിച്ചു വർക്‌ഷോപ്പിൽ എത്തിച്ചു സർവീസ് ചെയ്യണമെന്നു മെക്കാനിക് നഗരസഭയെ അറിയിച്ചു. മാലിന്യങ്ങൾ നീക്കാൻ നഗരസഭയിൽ 4 വാഹനങ്ങളുണ്ട്. ഒരു മിനി ലോറി ഒരു വർഷമായി ചാലക്കുടിയിലെ വർക്‌ഷോപ്പിലാണ്. മറ്റൊരു പിക്കപ് ഓട്ടോ കേടായിട്ട് 6 മാസമായി. 

പ്രവർത്തന ക്ഷമമായിരുന്ന 2 വാഹനങ്ങൾ കൂടി നശിപ്പിക്കപ്പെട്ടതോടെ 4 വാഹനങ്ങളും കട്ടപ്പുറത്തായി. നഗരസഭയുടെ മാലിന്യനീക്കം അവതാളത്തിലുമായി. പ്രതിദിനം 4000 രൂപയ്ക്ക് പിക്കപ് വാൻ വാടകയ്ക്കെടുത്തു മാലിന്യം നീക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. വീടുകളിൽ നിന്നു ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കിലാക്കി വഴിയരികിൽ കൂട്ടിയിടുന്നു.

നഗരസഭയിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം തുടർക്കഥയാവുകയാണെന്നു സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ പറഞ്ഞു. മുൻപു നടന്ന പല സംഭവങ്ങളിലും ഭരണനേതൃത്വം കാര്യക്ഷമമായ നടപടിയെടുക്കാത്തതാണ് വീണ്ടും ആവർത്തിക്കപ്പെടാൻ കാരണം. നഗരസഭ ഓഫിസിലെ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷയുടെ കസേര കുത്തിക്കീറിയവരെ ഇതുവരെ കണ്ടെത്താനായില്ല. നഗരസഭ ഓഫിസിലും സിസിടിവി ക്യാമറ ഇല്ലെന്നു ജോബി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com