ADVERTISEMENT

മൂവാറ്റുപുഴ∙ ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മകളുടെ മുന്നിൽ വീട്ടമ്മയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നിരപ്പ് കോട്ടക്കുടിത്താഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്. സുഹൃത്തായ വെസ്റ്റ് പുന്നമറ്റം തോപ്പിൽ ഷാഹുൽ അലിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നിനാണ് കൊലപാതകം. ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാർക്ക് ഉച്ചഭക്ഷണം നൽകാൻ മകൾക്കൊപ്പം ഉച്ചയോടെയാണു സിംന ആശുപത്രിയിൽ എത്തിയത്. പതിനൊന്നാം വാർഡിൽ പിതാവിനു ഭക്ഷണം നൽകിയ ശേഷം മകൾക്കൊപ്പം പ്രസവ വാർഡിനു മുന്നിൽ എത്തിയപ്പോൾ പൊടുന്നനെ ഷാഹുൽ ഇവർക്കു മുന്നിലേക്കു കത്തിയുമായി ചാടി വീണു. 

സിംനയെ പിടിച്ചുനിർത്തി കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. താഴെ വീണ യുവതിയുടെ ശരീരത്തിലും പലവട്ടം കുത്തി. പരിസരത്ത് ഉണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ഓടി എത്തിയതോടെ ഷാഹുൽ ബൈക്കിൽ പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടെ ബൈക്ക് വച്ച് ഇറങ്ങിയ ഉടൻ ഷർട്ടിൽ ഉൾപ്പെടെ രക്തം കണ്ടു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരു കൈകൾക്കും മുറിവേറ്റ ഷാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംനയുടെ ഭർത്താവ്, വിദേശത്തു ജോലിയുള്ള ഷക്കീർ ഇപ്പോൾ നാട്ടിലുണ്ട്. 

അയൽവാസിയായിരുന്ന ഷാഹുലുമായി സിംനയ്ക്ക് സൗഹൃദമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇടയ്ക്ക് ബന്ധത്തിൽ വിള്ളലുണ്ടായി. സിംന ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ എത്തി ഷാഹുൽ ബഹളമുണ്ടാക്കിയെന്നും സിംനയുടെ സുഹൃത്തുക്കൾ പറയുന്നു. ഷാഹുലിന് എതിരെ പൊലീസിനു പരാതി നൽകാൻ സിംന തയാറെടുത്തിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെ ചോദിച്ചറിയാൻ ഇയാൾ പലവട്ടം ഫോണിൽ വിളിച്ചിട്ടും കോൾ എടുക്കാതിരുന്നതാകാം പെട്ടെന്നുള്ള ആക്രമണത്തിനു കാരണമെന്നാണു പൊലീസിനു ലഭിച്ച വിവരം.   വിശദമായ അന്വേഷണം നടത്തുകയാണെന്നു ഡിവൈഎസ്പി എ.ജെ.തോമസ് പറഞ്ഞു. സിംനയുടെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടു നൽകും. ഷാഹുലിനെതിരെ നേരത്തെ പരാതി നൽകിയിരുന്നുവെന്ന് സിംനയുടെ സഹോദരൻ ഹാരിസ് പറഞ്ഞു. ഷാഹുൽ മുൻപും ശല്യപ്പെടുത്തിയിരുന്നു. വീടിനു നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടന്ന കൊലപാതക വാർത്തയറിഞ്ഞു തടിച്ചുകൂടിയവർ.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടന്ന കൊലപാതക വാർത്തയറിഞ്ഞു തടിച്ചുകൂടിയവർ.

അതിക്രമത്തിൽ പകച്ച് ആശുപത്രി
മൂവാറ്റുപുഴ∙ ഈസ്റ്റർ ദിനത്തിൽ ജനറൽ ആശുപത്രിയിൽ നടന്ന കൊലപാതകം നഗരത്തെയാകെ നടുക്കി. ഈസ്റ്റർ ആയിരുന്നതിനാൽ ആശുപത്രിയിൽ വലിയ തിരക്കുണ്ടായിരുന്നില്ല. സിംനയെ പലവട്ടം ഷാഹുൽ ആക്രമിക്കുന്നതു കണ്ടു നിന്നവർ ആദ്യം എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയി. സിംനയുടെ നിലവിളി കേട്ട് കൂടുതൽ പേർ ഓടിയെത്തിയപ്പോഴേക്കും ഷാഹുൽ അവിടെ നിന്നു ബൈക്കെടുത്ത് പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി പോയിരുന്നു. പ്രസവ വാർഡിനു മുന്നിൽ രക്തം തളംകെട്ടി നിന്നു. 

ഭയന്നു വിറച്ച സിംനയുടെ മകളെ ഇവിടെ എത്തിയവർ ചേർന്ന് ആശുപത്രിക്കുള്ളിലേക്കു മാറ്റി. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണു മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്. നിമിഷങ്ങൾക്കുള്ളിൽ ആശുപത്രി പരിസരത്ത് ജനങ്ങൾ തിങ്ങിക്കൂടി. എന്താണു സംഭവിച്ചതെന്നും കൊലപാതകത്തിനുള്ള കാരണം എന്തെന്നും ആർക്കും മനസ്സിലായിരുന്നില്ല. മാത്യു കുഴൽനാടൻ എംഎൽഎ, നഗരസഭാധ്യക്ഷൻ പി.പി.എൽദോസ് എന്നിവരും വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com