പിസി എന്നാൽ വോളിബോൾ

Mail This Article
വൈപ്പിൻ∙ നായരമ്പലം വഴി സംസ്ഥാനപാതയിലൂടെ കടന്നുപോയവരിൽ ഭഗവതി ക്ഷേത്ര മൈതാനത്തെ വോളിബോൾ പരിശീലനക്കളരി കാണാത്തവർ ഉണ്ടാവില്ല. ഒരു കാലത്ത് സർവീസസ് ടീമിലെ മിന്നൽപ്പിണരായിരുന്ന പിസി എന്ന പി.സി.രാഘവൻ ആണ് മൂന്നു പതിറ്റാണ്ടിലേറെയായി കളരിയുടെ ആശാൻ. ഒപ്പം അടവുകൾ പയറ്റിത്തെളിയാൻ നാട്ടിൻപുറത്തുകാരായ ഒരുപറ്റം പെൺകുട്ടികളും. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള അവരിൽ പലരും ആ കളരിയുടെ ബലത്തിൽ ഇന്ന് ജീവിതത്തിന്റെ ഉയരങ്ങളിലാണ്. അപ്പോഴും ഇക്കാലമത്രയും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ, ലഭിക്കേണ്ട അംഗീകാരങ്ങളിൽ പലതും വഴിമാറി പോയതിൽ വിഷമിക്കാതെ ഇതു തന്റെ ദൗത്യവും കടമയുമായി കണ്ട് മുന്നോട്ടു പോവുകയാണ് എൺപതുകളിലെത്തിയ പരിശീലകൻ. ഒരാൾക്കു കീഴിൽ ഇത്രയും ദീർഘകാലം സൗജന്യ വോളിബോൾ പരിശീലനം ഒരുപക്ഷേ, രാജ്യത്തു തന്നെ ആദ്യമായിരിക്കും.
സൈനിക ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ കളിയിൽ തിളങ്ങിയ രാഘവൻ സർവീസസ് ടീമിന്റെ അഭിമാന താരമാകാൻ അധികനാൾ വേണ്ടിവന്നില്ല. സൈന്യത്തിൽ നിന്ന് വിരമിച്ച് കമ്പനി ജോലിയിലേക്ക് കടന്നപ്പോഴും അദ്ദേഹം കളി കൈവിട്ടില്ല. പരിശീലകന്റെ റോളിലേക്ക് മാറുന്നത് 1990ലാണ്. നായരമ്പലത്തെ സ്പോർട്സ് ആൻഡ് ഗെയിംസ് ഡവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം. ചുരുങ്ങിയ കാലത്തിനുള്ളിൽ കോർട്ടുകളിൽ ‘പിസിയുടെ കുട്ടികൾ’ എന്നൊരു ബ്രാൻഡ് രൂപപ്പെട്ടു. സർവകലാശാല ടീമുകൾ മുതൽ സംസ്ഥാന ടീമുകളിൽ വരെ ആ പേര് തിളങ്ങി. കളി പഠിപ്പിച്ചതിനപ്പുറം പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള ഒട്ടേറെ പെൺകുട്ടികളെ മികച്ച ജീവിത സൗകര്യങ്ങളിലേക്ക് ഉയർത്തി വിടാൻ കഴിഞ്ഞതാണ് തന്റെ ഭാഗ്യമെന്നു പിസി കരുതുന്നു. കെ.ജെ.ഷിബി, അനിഷ മുകേഷ് (റെയിൽവേ), ഇ.ആർ. സിന്ധു(കെഎസ്ഇബി) തുടങ്ങി പിസി പകർന്നു കൊടുത്ത കളിമികവിന്റെ ബലത്തിൽ മെച്ചപ്പെട്ട ഔദ്യോഗിക പദവികളിൽ എത്തപ്പെട്ടവർ ഇരുപതിലേറെയാണ്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരെ കൂടി കൂട്ടിയാൽ അത് ഇരട്ടിയാകും. ശിഷ്യകളിൽ ചിലർ കായികാധ്യാപകരായി. ഇതിനു പുറമേ. ഗുരുവിന്റെ പാത പിന്തുടർന്ന് വോളിബോൾ പരിശീലകരായി മാറിയവരും ഉണ്ട്.