ADVERTISEMENT

ആലുവ∙ സർ, ആലുവ നഗരത്തിന്റെ സുരക്ഷയ്ക്കു 10,000 രൂപ മുടക്കുമോ? പൊലീസിനോടാണ് ചോദ്യം. ചോദിക്കുന്നത് ആലുവ നഗരസഭാധികൃതർ. ഒരു വർഷമായിട്ടും ഉത്തരം ലഭിച്ചിട്ടില്ല. കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ സിസിടിവി ദൃശ്യങ്ങൾ തേടി നഗരസഭ ഓഫിസ് അടക്കം പല കേന്ദ്രങ്ങളിലേക്കു പരക്കം പായുകയാണ് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ അന്വേഷണ ഉദ്യോഗസ്ഥർ.

നഗരസഭയ്ക്കു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 66 സൗരോർജ നിരീക്ഷണ ക്യാമറകളുണ്ട്. വൈദ്യുതി തടസ്സം ബാധിക്കാത്തതിനാൽ 24 മണിക്കൂറും മിഴി തുറന്നിരിക്കുന്നവ. വെറും 10,000 രൂപ മുടക്കിയാൽ ഈ ക്യാമറാ ഫുട്ടേജുകൾ തൽസമയം പൊലീസ് കൺട്രോൾ റൂമിലേക്കു സൗജന്യമായി നൽകാമെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ വാഗ്ദാനം പറഞ്ഞിരുന്നു. പക്ഷേ,

പൊലീസ് താൽപര്യം കാണിച്ചില്ല. ഒരു ഇന്റർനെറ്റ് മോഡം, സ്റ്റാറ്റിക് ഐപി, 100 മീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, ഇൻസ്റ്റലേഷൻ ചാർജ് എന്നിവ മാത്രമേ ഇതിനു വേണ്ടൂ. ഒരു വർഷം മുൻപു ബിഹാർ സ്വദേശി അസ്ഫാക് ആലം 5 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതടക്കമുള്ള കേസുകളിൽ നിർണായക തെളിവായതു നഗരസഭയിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്.

ഇതിനു വേണ്ടി നഗരസഭയിലെ നിരീക്ഷണ ക്യാമറകളുടെ ഡിവിആർ പൊലീസ് പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കി. കേസ് തീർന്ന ശേഷമാണു തിരിച്ചു കിട്ടിയത്. അത്രയും നാൾ ക്യാമറാ ദൃശ്യങ്ങൾ ഒന്നും ശേഖരിച്ചു സൂക്ഷിക്കാൻ കഴിഞ്ഞില്ല. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരും മുഖ്യമന്ത്രിയും അടക്കം ഉയർന്ന സുരക്ഷയുള്ള ഒട്ടേറെ പ്രമുഖർ പതിവായി എത്തുന്ന നഗരം എന്ന പ്രാധാന്യം ആലുവയ്ക്കുണ്ട്.

റൂറൽ ജില്ലയിൽ ഏറ്റവുമധികം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്യുന്ന പൊലീസ് സ്റ്റേഷൻ എന്ന കുപ്രസിദ്ധിയും. 28 ലക്ഷം രൂപ മുടക്കിയാണ് നഗരസഭ നിരീക്ഷണ ക്യാമറകൾ വച്ചത്. അതിൽ നിന്നുള്ള ദൃശ്യങ്ങൾ നൽകാമെന്നു പറഞ്ഞിട്ടും 10,000 രൂപ മുടക്കാൻ പൊലീസ് മടിക്കുന്നത് എന്തുകൊണ്ടാണെന്നു പിടികിട്ടുന്നില്ലെന്നു നഗരസഭാധികൃതർ പറയുന്നു. 

കോടികൾ സിഎസ്ആർ ഫണ്ട് ചെലവഴിക്കുന്ന സ്ഥാപനങ്ങൾ ആലുവയിൽ ഉണ്ട്. അവർക്ക് അപേക്ഷ കൊടുത്താൽ മിനിറ്റുകൾക്കുള്ളിൽ നടക്കാവുന്ന കാര്യമേയുള്ളൂ ഇത്. 6 വർഷം മുൻപു ഫെഡറൽ ബാങ്കിന്റെ ധനസഹായത്തോടെ പൊലീസ് 72 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്താതെ മിക്കതും നശിച്ചു.

വിരലിൽ എണ്ണാവുന്നവ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ആഴ്ചയിൽ 4 തവണയെങ്കിലും പൊലീസ് സിസിടിവി ഫുട്ടേജുകൾ തേടി നഗരസഭയിൽ എത്താറുണ്ട്. അവധി ദിവസങ്ങളിൽ പൊലീസിന് ഇതെടുത്തു കൊടുക്കാൻ മാത്രമായി ഓഫിസിൽ വരേണ്ടി വരുന്നതു ജീവനക്കാർക്കും ബുദ്ധിമുട്ടായി തീർന്നിരിക്കുകയാണ്. 

സിസിടിവി ദൃശ്യങ്ങൾ പൊലീസിനു തൽസമയം നിരീക്ഷിക്കാൻ കഴിഞ്ഞാൽ പ്രതികൾ ആലുവ വിടുന്നതിനു മുൻപു തന്നെ വലയിലാക്കാൻ കഴിയും. 12 വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി ഞായറാഴ്ച വൈകിട്ടു മാതാവ് ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ് പോയത് ഒരു പള്ളി ഓഫിസിലേക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com