ADVERTISEMENT

കൊച്ചി ∙ യുഡിഎഫിന്റെ ഉറപ്പും യുവത്വത്തിന്റെ കരുത്തും. രണ്ടും ഇഴചേർന്നതാണ് എറണാകുളത്ത് ഹൈബി ഇൗഡന്റെ ഉജ്വല വിജയം. 7 നിയമസഭാ മണ്ഡലങ്ങളിലും കാൽ ലക്ഷത്തിലേറെ ലീഡോടെ, 90% ബൂത്തുകളിലും മുന്നിലെത്തി, എതിരാളികളെ നിലംപരിശാക്കി കോൺഗ്രസ് കോട്ടയുടെ പെരുമ ഒന്ന‌ുകൂടി ഉറപ്പിക്കുമ്പോൾ ഹൈബിയുടെ വിജയത്തിന്റെ തിളക്കമേറുന്നു. മുൻ തിരഞ്ഞെടുപ്പിനേക്കാൾ 9% പോളിങ് കുറഞ്ഞിട്ടും എതിരാളികൾക്കു ചങ്കിടിപ്പേറ്റുന്നതാണു ഇൗ വിജയത്തിന്റെ ശോഭ. ഭൂരിപക്ഷത്തിൽ സ്വന്തം പിതാവിന്റെ പേരിലായിരുന്ന റെക്കോർഡ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരുത്തി, സ്വന്തം പേരിലുള്ള റെക്കോർഡും മറികടന്നുള്ള കുതിപ്പിൽ ഹൈബി ഒന്നുകൂടി ഉറപ്പിക്കുന്നു– എറണാകുളം ‘ഇൗഡൻ ഗാർഡൻസ്’ കൂടിയാണെന്ന്. 

1998ലും 99ലും എറണാകുളം എംപിയായ ജോർജ് ഇൗഡന്റെ മകൻ ഹൈബി ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നു. 1,69,153 വോട്ട്. ഇപ്പോഴിതാ സ്വന്തം ഭൂരിപക്ഷം രണ്ടര ലക്ഷത്തിലെത്തിച്ചുള്ള അശ്വമേധം. എൽഡിഎഫ് സ്ഥാനാർഥി കെ. ജെ. ഷൈൻ നേടിയ വോട്ടിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഹൈബിക്കു ലഭിച്ചു. 40 വർഷത്തെ മണ്ഡല ചരിത്രത്തിൽ എൽഡിഎഫിനു ഏറ്റവും കുറവു വോട്ടു ലഭിച്ച തിരഞ്ഞെടുപ്പാണിത്. കരുത്തുറ്റ സ്ഥാനാർഥിയെ ഇറക്കിയിട്ടും ബിജെപിക്കു കാര്യമായ നേട്ടമുണ്ടായില്ല.

യുഡിഎഫ് കോട്ടയിൽ എല്ലാ ഘടകങ്ങളും ഹൈബിക്ക് അനുകൂലമായി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, സംസ്ഥാന സർക്കാരിനെതിരെയുള്ള അതിശക്തമായ ജനരോഷം, ചെറുപ്പത്തിന്റെ ഉൗർജസ്വലത, മണ്ഡലത്തിലെ സ്വീകാര്യതയും പരിചയവും, പ്രചാരണത്തിലെ പുതുമ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ. പക്ഷേ, ഇത്രയും വലിയൊരു ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും വലിയൊരു പരാജയം എൽഡിഎഫും മുന്നിൽ കണ്ടില്ല. അവസാന കണക്കുകൂട്ടലിൽ 50000 വോട്ടിനു പിന്നിലെന്നായിരുന്നു എൽഡിഎഫ് കണക്ക്. എൻഡിഎക്കു തീരെ പ്രതീക്ഷയില്ലാത്ത മണ്ഡലത്തിൽ വോട്ട് വർധിപ്പിക്കുക മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. 

വൈകിയാണു മത്സരരംഗത്ത് എത്തി, ശക്തമായ പ്രചാരണമൊന്നും നടത്താതിരുന്നിട്ടും ഡോ. കെ. എസ്. രാധാകൃഷ്ണൻ 5824 വോട്ട് അധികം നേടി. അതിനാൽ ബിജെപി വോട്ടു മറിച്ചു എന്ന ആരോപണത്തിന് അവസരമില്ലാതായി. നവ രാഷ്ട്രീയ പരീക്ഷണമായി രംഗത്തെത്തിയ ട്വന്റി20യെ യുഡിഎഫിനു ഭയമുണ്ടായിരുന്നു. 39,808 വോട്ട് നേടി അവരും സാന്നിധ്യം അറിയിച്ചതേയുള്ളു. നിയമസഭയിൽ എൽഡിഎഫ് പ്രതിനിധീകരിക്കുന്ന കൊച്ചി, കളമശേരി, വൈപ്പിൻ മണ്ഡലങ്ങളിൽ നിന്നുമാത്രം 108,601 വോട്ട് യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു. ഹൈബിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് തൃക്കാക്കരയിൽ നിന്നാണ്, 44900 വോട്ട്. 

എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വോട്ടു വ്യത്യാസം 2000 വോട്ടുമാത്രമാണ്. വലിയ തിരഞ്ഞെടുപ്പിൽ പുതുമുഖമാണെങ്കിലും പ്രചാരണ രംഗത്തു എൽഡിഎഫ് സ്ഥാനാർഥി കെ. ജെ. ഷൈൻ മികവു പുലർത്തിയിരുന്നു. പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങി.  പക്ഷേ, അതൊന്നും വോട്ടായി മാറിയില്ലെന്നതു പൊതു ട്രെൻഡ് മൂലമാണെന്നു സിപിഎമ്മിനു വിലയിരുത്തേണ്ടിവരും. അപ്പോഴും ന്യൂനപക്ഷ വോട്ടുകളിലേക്കുള്ള വഴിയറിയാതെ ഉഴലുന്നു എന്നതാണു എറണാകുളത്ത് സിപിഎം ഈ തിരഞ്ഞെടുപ്പിലും എന്നും നേരിടുന്ന പ്രതിസന്ധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com