ഇവർ ‘ഇടിവെട്ട്’ മനുഷ്യരാണ്; കൊച്ചിയിലെ ഈ ‘കാലാവസ്ഥക്കാര്’ ആരൊക്കെയാണ്?
Mail This Article
‘ഇടിവെട്ട്’ മനുഷ്യരാണു കൊച്ചിയിലുള്ള കാലാവസ്ഥാ വിദഗ്ധർ. മഴയ്ക്കും കാറ്റിനും തിരമാലകൾക്കുമെല്ലാം ഇവരുടെ കണ്ണിൽപെടാതെ വരാനാകില്ല
അപ്രതീക്ഷിതമായി മഴ കനത്താൽ ജനം അക്ഷമരായി ചോദിക്കും – ഈ ‘കാലാവസ്ഥക്കാര്’ എന്താ ചെയ്യുന്നേ? കനത്ത മഴ പ്രവചനം അറിഞ്ഞു വഴിയിലിറങ്ങുന്നവർക്കു മാനം വെളുത്തു കണ്ടാലും ചോദിക്കാനുള്ളത് ഇതു തന്നെ.
കൊച്ചിയിലെ ഈ ‘കാലാവസ്ഥക്കാര്’ ആരൊക്കെയാണ്?
കാലാവസ്ഥാ നിരീക്ഷണ വകുപ്പിനു (ഐഎംഡി) കീഴിലുള്ള ഡോപ്ലർ വെതർ റഡാർ സ്റ്റേഷൻ ഉൾപ്പെടെ പത്തോളം സ്റ്റേഷനുകളുടെയും മഴമാപിനികളുടെയും സഹായത്തോടെ കാറ്റ്, മഴ, തിരമാല മുന്നറിയിപ്പുകൾക്കും മറ്റു പഠനങ്ങൾക്കും ഡേറ്റ സമാഹരിക്കുന്ന ശാസ്ത്രജ്ഞർ, മേയ് 28നു കളമശേരിയിൽ പെയ്ത മഴ ‘മേഘവിസ്ഫോടനം’ ആണെന്നു തെല്ലും വൈകാതെ തിരിച്ചറിഞ്ഞ കുസാറ്റ് കാലാവസ്ഥാ പഠന കേന്ദ്രത്തിലെ വിദഗ്ധർ, വിമാന യാത്രയുടെ നിയന്ത്രണത്തിന് ഉൾപ്പെടെ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട ഏജൻസികൾക്കു ഡേറ്റ കൈമാറുന്ന സിയാലിലെ എയറോനോട്ടിക്കൽ മീറ്റിയറോളജിക്കൽ സ്റ്റേഷനിലെ വിദഗ്ധർ– ഇവരൊക്കെ ഈ കൂട്ടത്തിലുണ്ട്.
ഐഎംഡി സംവിധാനങ്ങൾ
കാലാവസ്ഥാ നിരീക്ഷണ വകുപ്പിനു ജില്ലയിൽ ഇടമലയാർ ഡാം സൈറ്റിലുൾപ്പെടെ 8 ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളുണ്ട്. കൂടാതെ അഞ്ചിടങ്ങളിൽ മഴമാപിനികളും. പള്ളുരുത്തിയിൽ 2017ൽ പ്രവർത്തനം തുടങ്ങിയ ഡോപ്ലർ വെതർ റഡാർ സ്റ്റേഷനിൽ കാലാവസ്ഥാ വ്യതിയാനം അറിയാൻ 24 മണിക്കൂറും നിരീക്ഷണമുണ്ട്. മേഘങ്ങളുടെ ഉയരം, വീതി, ചലനം ഇവയുടെ നിരീക്ഷണം കൂടാതെ അപ്പർ എയർ ഒബ്സർവേഷനും നടത്തുന്നു.
നിരീക്ഷണ ഉപകരണം ഘടിപ്പിച്ച ബലൂൺ പറത്തി, പുലർച്ചെയും വൈകിട്ടും 20 കിലോമീറ്റർ ഉയര പരിധിയിൽ കാറ്റിന്റെ ഗതി, വേഗം, അന്തരീക്ഷ താപനില തുടങ്ങിയവ കണ്ടെത്തും. തിരുവനന്തപുരം ഐഎംഡിയിലേക്ക് അപ്പപ്പോൾ കൈമാറുന്ന ഡേറ്റയാണു വൈകിട്ടു 3ന്റെ കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യും. .
കുസാറ്റിലെ എസിഎആർആർ
കുസാറ്റ് ക്യാംപസിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിൽ ചിത്രം പകർത്താനെത്തിയപ്പോൾ ചെറിയ ചാറ്റൽമഴ. ‘3 മിനിറ്റിൽ മാറും’– സ്ക്രീനിലെ ഡേറ്റ നോക്കി ശാസ്ത്രജ്ഞന്റെ മറുപടി. കൃത്യം 3 മിനിറ്റിൽ മഴയൊഴിഞ്ഞു. അന്തരീക്ഷ നിരീക്ഷണ, കാലാവസ്ഥാ പ്രവചന മേഖലകളിൽ അത്യാധുനിക ഗവേഷണം സാധ്യമാക്കാനുള്ള ഡേറ്റ ഈ കേന്ദ്രത്തിൽ ലഭ്യമാണ്. കാലാവസ്ഥാ പ്രവചനത്തിനുള്ള എസ്ടി റഡാർ ഡേറ്റ ദേശീയ ഏജൻസികൾക്കു കൈമാറുന്നുണ്ട്. കൊച്ചിയിലെ ഗേറ്റ്‌വേയിൽ ഇന്ത്യൻ മൺസൂണിന്റെ സവിശേഷതകളും ചലനാത്മകതയും പഠിക്കാൻ വേണ്ടിയാണു 2011ൽ ഈ റഡാർ കേന്ദ്രം സ്ഥാപിച്ചത്. 2016ൽ എസ്ടി റഡാർ പൂർണ സജ്ജമായി. മൈക്രോ റെയിൻ റഡാർ, 2ഡി-വിഡിയോ ഡിസ്ഡ്രോമീറ്റർ, മൈക്രോ വേവ് റേഡിയോമീറ്റർ, ഒപ്റ്റിക്കൽ കണികാ സെൻസർ, എയ്റോഡൈനാമിക് പാർട്ടിക്കിൾ സെൻസർ തുടങ്ങി അത്യാധുനിക റിമോട്ട് സെൻസിങ് ഉപകരണങ്ങൾ ഇപ്പോൾ നിരീക്ഷണത്തിനുണ്ട്. പ്രാദേശിക വിവരങ്ങൾ സമാഹരിക്കാൻ കൊച്ചിയിൽ 4 ഇടങ്ങളിൽ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളും. മുൻപത്തെ പോലെ, ആഴ്ചതോറും പൊതുജനങ്ങൾക്ക് അറിയിപ്പു നൽകിയിരുന്ന രീതി പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
സിയാൽ കേന്ദ്രീകരിച്ച് എഎംഎസ്
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലുള്ള എയറോനോട്ടിക്കൽ മീറ്റിയറോളജിക്കൽ സ്റ്റേഷൻ (എഎംഎസ്) കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിനു കീഴിലാണ്. വ്യോമയാന ഏജൻസികൾക്കു കൃത്യമായ ഇടവേളകളിൽ കാലാവസ്ഥാ വിവരങ്ങൾ നൽകുകയാണു ദൗത്യം. പള്ളുരുത്തിയിലെ ഡോപ്ലർ വെതർ റഡാറുൾപ്പെടെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണു വിശകലനം. ഹോട്ട് എയർ ബലൂൺ സംവിധാനമുണ്ട്. തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ വകുപ്പിൽ നിന്നും കൊച്ചിയിൽ നാവികസേനയുടെ കാലാവസ്ഥാ സ്റ്റേഷനിൽ നിന്നും സാറ്റലൈറ്റിൽ നിന്നും വിവരങ്ങളെടുക്കും. വ്യോമയാന ഏജൻസികൾക്കു നൽകുന്നതു കൂടാതെ, കാലാവസ്ഥാ പ്രവചനത്തിനു തിരുവനന്തപുരം ഐഎംഡിക്കും ഡേറ്റ നൽകുന്നുണ്ട്.