ADVERTISEMENT

ആലുവ∙ അടുത്ത ബന്ധുക്കളും മറ്റും കേസിൽ കുടുങ്ങിയെന്നു തെറ്റിദ്ധരിപ്പിച്ചു പണം തട്ടുന്ന അന്തർ സംസ്ഥാന സംഘങ്ങൾ സജീവമെന്നു പൊലീസ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നു ഫോണിൽ ബന്ധപ്പെട്ടാണു സംഘം പണം തട്ടാൻ ശ്രമിക്കുന്നതെന്നും അവർ പറയുന്നു. കഴിഞ്ഞ ദിവസം കീഴ്മാട് എടയപ്പുറം സ്വദേശിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹിന്ദിയിൽ നന്നായി മറുപടി പറഞ്ഞതിനാൽ നടന്നില്ല. ഇതോടെ പതറിയ തട്ടിപ്പുകാരൻ സംഭാഷണം അവസാനിപ്പിച്ചു. ഫോൺ ഓഫാക്കുകയും ചെയ്തു. 

എടയപ്പുറം സ്വദേശിയുടെ മകൾക്കു ദുബായിലാണ് ജോലി. അമ്മയുടെ ഫോണിലേക്കാണ് 12 അക്ക നമ്പറിൽ നിന്നു കോൾ എത്തിയത്. മകൾ ലഹരിക്കേസിൽ ഡൽഹി പൊലീസിന്റെ നിരീക്ഷണത്തിലാണെന്നു പറഞ്ഞതോടെ വീട്ടമ്മ ഫോൺ ഭർത്താവിനു കൈമാറി. മകൾ രക്ഷപ്പെടണമെങ്കിൽ തങ്ങൾ ആവശ്യപ്പെടുന്നതു ചെയ്യണമെന്നായിരുന്നു നിർദേശം. കാനഡയിൽ ആണു മകൾക്കു ജോലിയെന്നു പിതാവു കളവു പറഞ്ഞപ്പോൾ കനേഡിയൻ പൊലീസ് അറിയിച്ചതനുസരിച്ചാണ് ഇവിടെ അന്വേഷണം നടക്കുന്നതെന്നായി വിശദീകരണം. സംഭവം തട്ടിപ്പാണെന്നു മനസ്സിലായ പിതാവ് ഹിന്ദിയിൽ ക്ഷുഭിതനായി സംസാരിച്ചതോടെ ഫോൺ കട്ടായി. വിളിച്ചയാളുടെ പ്രൊഫൈൽ ചിത്രം പൊലീസ് വേഷത്തിലാണ്.

രണ്ടാഴ്ച മുൻപു തോട്ടയ്ക്കാട്ടുകരയിലെ ബിസിനസുകാരനും സമാന അനുഭവം ഉണ്ടായി. മുംബൈയിൽ നിന്നാണെന്നു പറഞ്ഞാണു വിളിച്ചത്. താങ്കളുടെ ബാങ്ക് അക്കൗണ്ടിൽ വിദേശത്തു നിന്ന് അനധികൃതമായി പണം വന്നിട്ടുണ്ടെന്നും ജയിലിൽ അടയ്ക്കുമെന്നും ആയിരുന്നു ഭീഷണി. അവർ പറഞ്ഞ ബാങ്കിൽ തനിക്ക് അക്കൗണ്ട് ഇല്ലെന്നു ബിസിനസുകാരൻ വ്യക്തമാക്കിയപ്പോൾ താങ്കളുടെ പേരിൽ മറ്റാരെങ്കിലും അവിടെ വ്യാജ അക്കൗണ്ട് തുറന്ന് അനധികൃത ഇടപാടു നടത്തുന്നതാവാം എന്നായി വിശദീകരണം. പക്ഷേ, കേസിൽ പെടുക താങ്കളായിരിക്കാം എന്നു മുന്നറിയിപ്പും നൽകി. ബിസിനസുകാരൻ വിവരം സൈബർ പൊലീസിനെ അറിയിച്ചു. തട്ടിപ്പുകാർ വിളിക്കുന്നത് ഇന്റർനെറ്റ് കോളായതിനാൽ അവരെ കണ്ടെത്തുക പ്രയാസമാണെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com