സംസ്ഥാന പാതയോരത്ത് പൊട്ടിവീണ് കേബിളുകൾ

Mail This Article
വൈപ്പിൻ∙സംസ്ഥാന പാതയോരത്ത് വീണ്ടും കേബിൾ കുരുക്ക്. വേണ്ട രീതിയിൽ കെട്ടി ഉറപ്പിക്കാത്തതിനെ തുടർന്ന് കേബിളുകൾ തൂങ്ങിക്കിടക്കുന്നതും പൊട്ടി താഴെ വീഴുന്നതും പതിവായിരിക്കുകയാണ്. ഇത് കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കു ശേഷവും ബന്ധപ്പെട്ടവർ അലംഭാവം തുടരുന്നതായാണ് പരാതി. ഇടക്കാലത്ത് പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് പോസ്റ്റുകളിൽ നിന്ന് അധികൃത കേബിളുകൾ നീക്കം ചെയ്തിരുന്നുവെങ്കിലും പിന്നീട് അത്തരം നടപടികൾ ഉണ്ടായില്ല. പലയിടത്തും വേണ്ടതിന്റെ അനേകം ഇരട്ടി കേബിളുകളാണ് റോഡരികിലൂടെ കടന്നു പോകുന്നത്.
ഉപയോഗ ശൂന്യമായവ നീക്കം ചെയ്യാതെ പകരം പുതിയ പുതിയവ സ്ഥാപിക്കുന്നതാണ് പലരും പിന്തുടരുന്ന രീതി. കെട്ടിയുറപ്പിച്ചിരുന്ന കമ്പികളും മറ്റും ദ്രവിക്കുന്നതോടു കൂടി പഴയ കേബിൾ താഴേക്ക് തൂങ്ങുന്നതും നിലത്തു പൊട്ടി വീഴുന്നതും പതിവാണ്. ഇതിൽ കുടുങ്ങി കാൽനടക്കാർക്കും വാഹന യാത്രികർക്കും പരുക്കേറ്റ സംഭവങ്ങൾ ഇതിനു മുൻപ് പലതവണ ഉണ്ടായിട്ടുണ്ട്. എടവനക്കാട് സർക്കാർ യുപി സ്കൂളിനു സമീപം നൂറുകണക്കിന് വിദ്യാർഥികൾ ദിനംപ്രതി കടന്നുപോകുന്ന നടപ്പാതയിൽ വീണു കിടന്നിരുന്ന കേബിളുകൾ ദിവസങ്ങൾക്ക് ശേഷമാണ് നീക്കം ചെയ്തത്.