കരയാംപറമ്പ് പാലം: റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നു

Mail This Article
അങ്കമാലി ∙ കനത്തമഴയിൽ ഇടിഞ്ഞ അങ്കമാലി– തൃശൂർ റൂട്ടിൽ ദേശീയപാതയിലെ കരയാംപറമ്പ് പാലത്തിന്റെ അനുബന്ധ റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നു. ഇടിഞ്ഞ ഭാഗം താൽക്കാലികമായി മണ്ണിട്ടു നികത്തിയിരിക്കുകയാണ്. ചാക്കിൽ മണ്ണു നിറച്ച് അട്ടിയിട്ടാണു ബലപ്പെടുത്തിയിട്ടുള്ളത്. അപകടാവസ്ഥ നീക്കിയെങ്കിലും ഇടിഞ്ഞ ഭാഗത്തു കൂടി വാഹനങ്ങൾ കടത്തിവിടുന്നില്ല. വാഹനം കയറാതിരിക്കാൻ അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചു കയർ കെട്ടി തിരിച്ചിട്ടിരിക്കുകയാണ്. താഴ്ചയുള്ള പ്രദേശമായതിനാൽ ഇടിഞ്ഞ ഭാഗം താഴെനിന്നു തന്നെ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തേണ്ടതുണ്ട്. ഇതിനു മുൻപും അനുബന്ധ റോഡ് ഇടിഞ്ഞിട്ടുണ്ട്. അന്ന് ഇരുമ്പിന്റെ സംരക്ഷണത്തട ഉൾപ്പെടെ ഇടിഞ്ഞുവീണിരുന്നു. കരയാംപറമ്പ് പാലത്തിനും ജംക്ഷനും ഇടയിലായി 10 മീറ്ററോളം നീളത്തിലും 3 മീറ്ററോളം വീതിയിലുമാണു ഇപ്പോൾ ദേശീയപാത ഇടിഞ്ഞത്.വലിയ ഗതാഗതക്കുരുക്കുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞത്. ഇടിഞ്ഞ ഭാഗം അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു തുറന്നുകൊടുക്കാത്തതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പെയ്ത്തുവെള്ളം കാനയിലൂടെ ഒഴുകിപ്പോകാതെ വൻതോതിൽ റോഡിലൂടെ ഒഴുകിയതിനെ തുടർന്നാണു റോഡ് ഇടിഞ്ഞത്. സമീപത്തെ തോട്ടിലേക്കു വെള്ളം ഒഴുകിപ്പോകാനുള്ള കാന മൂടിയ നിലയിലായിരുന്നു. ഒഴുകി വരുന്ന പെയ്ത്തുവെള്ളം മറ്റൊരു ഭാഗത്തേക്കു തിരിച്ചുവിടാനുള്ള ജോലികൾ ദേശീയപാത അധികൃതർ നടത്തിയിരുന്നു. എന്നാൽ റോഡ് ഇടിഞ്ഞ ഭാഗം താഴ്ന്നു കിടക്കുന്നതിനാൽ വൻതോതിൽ വെള്ളം അവിടേക്ക് എത്തുകയും റോഡ് കൂടുതൽ ഇടിയുകയും ചെയ്യും.മഴ കനത്തു പെയ്യാൻ തുടങ്ങിയാൽ റോഡ് വീണ്ടും ഇടിയാനുള്ള സാധ്യത ഉണ്ടെന്നു നാട്ടുകാർ പറയുന്നു.
ദേശീയപാതയിലെ വിവിധ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താറില്ലെന്നു നാട്ടുകാർ ആരോപിച്ചു. കരയാംപറമ്പ് മുതൽ കറുകുറ്റി വരെയുള്ള ഭാഗത്തെ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. കാനകളുടെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ട്.മഴ പെയ്താൽ പ്രധാന റോഡിൽ പലയിടങ്ങളിലും വെള്ളം പൊങ്ങും. റോഡിൽ നിന്നു വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സൗകര്യമില്ല.കരയാംപറമ്പ് ജംക്ഷനും പരിസരപ്രദേശങ്ങളും വികസിപ്പിക്കുന്നതിനു സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ജംക്ഷൻ വികസനം ഇതുവരെ യാഥാർഥ്യമായിട്ടില്ല.