ആലുവ–എൻഎഡി–മെഡിക്കൽ കോളജ് റോഡ് പൈപ്പിനെടുത്ത കുഴി ജീവനെടുക്കുമോ?

Mail This Article
ആലുവ∙ ആലുവ–എൻഎഡി–മെഡിക്കൽ കോളജ് റോഡിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴി ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ നാട്ടുകാർ ആശങ്കാകുലരാണ്.
കൊടികുത്തുമല ഭാഗത്തു റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന പൈപ്പിൽ ഇടിച്ച് ഇന്നലെ കാറിന്റെ മുൻഭാഗം തകർന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ബസും കാറും അപകടത്തിൽ പെട്ടു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നതു കുറച്ചു നാളായി സ്ഥിരം സംഭവമാണ്.
കണ്ടെയ്നർ ലോറികളുടെ ചക്രങ്ങൾ ഇടയ്ക്കിടെ മണ്ണിൽ താഴാറുമുണ്ട്. കൊടികുത്തുമല ജംക്‌ഷൻ മുതൽ അടിവാരം ബസ് സ്റ്റോപ് വരെ റോഡിന്റെ ഒരു വശമാണ് പൈപ്പിടാൻ കുഴിച്ചത്. കുത്തനെ കയറ്റവും ഇറക്കവും വളവുകളും ഉള്ള സ്ഥലമാണിത്. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ടു മൂടിയെങ്കിലും നന്നായി ഉറപ്പിച്ചില്ല.
ആദ്യ മഴയ്ക്കു തന്നെ മണ്ണു കുത്തിയൊലിച്ചു പോയി കുഴിയായി. ഇവിടെ റോഡിന്റെ ഒരു വശത്തു കൂടി മാത്രമേ വാഹനങ്ങൾക്കു പോകാൻ കഴിയൂ. ആലുവ, പെരുമ്പാവൂർ, കോതമംഗലം, ഇടുക്കി എന്നിവിടങ്ങളിൽ നിന്ന് ആംബുലൻസുകൾ എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു പോകുന്നത് ഇതിലൂടെയാണ്.