പുഴയിൽ ജലനിരപ്പ് ഉയർന്നു: വെള്ളപ്പൊക്ക ഭീഷണി

Mail This Article
പിറവം∙കനത്ത മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി.മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനൊപ്പം പുഴയിലേക്കു ചേരുന്ന ചെറുതോടുകളും കവിഞ്ഞൊഴുകുന്നതാണു ജലനിരപ്പ് ഉയരാൻ കാരണം. ഇന്നലെ മാത്രം 7 അടിയോളം വെള്ളമാണ് ഉയർന്നത്. പുഴയിലേക്കു ചേരുന്ന ഉഴവൂർ തോട് കവിഞ്ഞു കക്കാട്, മാമലശേരി പ്രദേശങ്ങളിൽ പാടശേഖരങ്ങളിൽ വെള്ളം കയറി.
കപ്പ, വാഴക്കൃഷികൾക്കു ഭീഷണി ഉണ്ട്. ഇനിയും ജലനിരപ്പ് ഉയർന്നാൽ കളമ്പൂർ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന വീടുകൾക്കു ഭീഷണി ആകും. ഇത്തരം സാഹചര്യം നേരിടുന്നതിനു റവന്യു പൊലീസ് വിഭാഗങ്ങൾ ഒരുക്കങ്ങൾ തുടങ്ങി. പുഴവെള്ളത്തിൽ ചെളിയുടെ അളവ് ഉയർന്നതിനാൽ ശുദ്ധജലവിതരണ പദ്ധതികൾക്കും പ്രതിസന്ധി ഉണ്ട്. കൊച്ചിയിലേക്കുള്ള ജനറം പദ്ധതിക്കു പുറമേ ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കു ശുദ്ധജലത്തിനുള്ള വെള്ളം ശേഖരിക്കുന്നത് പിറവം നഗരസഭാ പരിധിയിൽ നിന്നാണ്.