ആലപ്പുഴ - തോപ്പുംപടി തീരദേശപാത ഉപരോധിച്ചു

Mail This Article
കണ്ണമാലി ∙ കടൽകയറ്റ പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ സർക്കാർ പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ ജനങ്ങൾ ആലപ്പുഴ - തോപ്പുംപടി തീരദേശപാത ഉപരോധിച്ചു. ഇന്നലെ രാവിലെ 6നു ആരംഭിച്ച ഉപരോധത്തിൽ കണ്ണമാലിയിലും ചെറിയകടവിലുമുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഉപരോധത്തെ തുടർന്ന് തീരദേശ റോഡിലൂടെ തോപ്പുംപടി ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു. ഒടുവിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കലക്ടർ എൻ.എസ്.കെ.ഉമേഷ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കൊച്ചിൻ പോർട്ട് ഡ്രജ് ചെയ്തു പുറം കടലിൽ തള്ളുന്ന മണ്ണും ചെളിയും തീരത്ത് നിക്ഷേപിച്ച് തീരം പുനർനിർമിക്കണമെന്ന ആവശ്യം സമരക്കാർ മുന്നോട്ടുവച്ചു.
ഇതുസംബന്ധിച്ചു കൊച്ചിൻ പോർട്ട് അധികൃതരുമായി ചർച്ച നടത്തി തീരുമാനിക്കാമെന്ന് കലക്ടർ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. 9നു കലക്ടറുടെ ചേംബറിൽ കൊച്ചിൻ പോർട്ട്, ഇറിഗേഷൻ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ ജനകീയ വേദി നേതൃത്വവുമായി ചർച്ച നടത്താമെന്നും കലക്ടർ അറിയിച്ചു. ഫാ. ആന്റണിറ്റോ പോൾ, ഫാ.ജോൺ കളത്തിൽ, ഫാ.പ്രമോദ്, കുര്യൻ, ഷിജി തയ്യിൽ, ജോസഫ് അറയ്ക്കൽ, ക്ലീറ്റസ് പുന്നക്കൽ, ചാൾസ് ജോർജ്, ബാബു പള്ളിപറമ്പ്, വിൽഫ്രഡ് സി.മാനുവൽ, ഹാരിസ് അബു, മെറ്റിൽഡ ക്ലീറ്റസ്, റീന സാബു, ബിജു ജോസി കരുമാഞ്ചേരി എന്നിവർ പ്രസംഗിച്ചു. സമിതി ഭാരവാഹികളായ വി.ടി.സെബാസ്റ്റ്യൻ, തുഷാർ നിർമൽ സാരഥി, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി തുടങ്ങിയവർ നേതൃത്വം നൽകി.