ADVERTISEMENT

കുണ്ടന്നൂർ ∙ കുഴികൾ നിറഞ്ഞ കുണ്ടന്നൂർ– തേവര പാലം യാത്രക്കാരുടെ നടുവൊടിക്കുന്നു. നടപടിയെടുക്കാതെ മോശം കാലാവസ്ഥയെ പഴിച്ചു തടി തപ്പുകയാണ് ദേശീയ പാത അധികൃതർ. ജൂൺ ആദ്യവാരം ഇട്ട റെഡിമിക്സ് ടാർ മിശ്രിതമെല്ലാം മഴയത്ത് ഒഴുകിപ്പോയതോടെ എണ്ണമറ്റ കുഴികൾ അപകടകരമായി. രാവിലെയും വൈകിട്ടും നീണ്ട ഗതാഗതക്കുരുക്കാണ്. 250 ബാഗ് ടാർ മിശ്രിതമാണ് അന്ന് കുഴികളിൽ ഇട്ടത്. 1.75 കിലോ മീറ്ററുള്ള പാലം മോശമായതോടെ ബൈക്കുകൾ ഓടി നടപ്പാതയുടെ സ്ലാബുകളും പലയിടത്തു തകർന്നു.  3 മിനിറ്റ് കൊണ്ട് എത്തേണ്ട ദൂരം താണ്ടാൻ ഏറെ നേരമെടുക്കും. പാലത്തിലെ ബസ് സ്റ്റോപ്പിനു സമീപത്തെ കുഴികളിൽ വാഹനങ്ങൾ വീണ് ദിവസവും അപകടം ഉണ്ടാകുന്നു. 5 വർഷമായി ഇതാണ് അവസ്ഥ.

ധീരതയ്ക്ക് മധുരം.. കുണ്ടന്നൂർ– തേവര പാലത്തിലെ കുഴികൾ താണ്ടിയെത്തുന്ന ബൈക്ക് യാത്രികരെ നെട്ടൂർ ആവണി സംഘം പ്രവർത്തകർ മധുരം നൽകി അനുമോദിച്ചപ്പോൾ.
ധീരതയ്ക്ക് മധുരം.. കുണ്ടന്നൂർ– തേവര പാലത്തിലെ കുഴികൾ താണ്ടിയെത്തുന്ന ബൈക്ക് യാത്രികരെ നെട്ടൂർ ആവണി സംഘം പ്രവർത്തകർ മധുരം നൽകി അനുമോദിച്ചപ്പോൾ.

യുപി പാലത്തിലും കുരുക്ക്
കുണ്ടന്നൂർ പാലത്തിലെ കുരുക്കിൽ നിന്ന് രക്ഷപ്പെട്ടെത്തുന്നത് യുപി പാലം എന്നറിയപ്പെടുന്ന തേവര– വെല്ലിങ്‌‍ഡൻ ദ്വീപ് അലക്സാണ്ടർ പറമ്പിത്തറ പാലത്തിലെ കുരുക്കിലേക്കാണ്.  വെല്ലിങ്‌ടൻ ദ്വീപിലെ അപ്രോച്ച് റോഡ് ഇടിഞ്ഞതാണ് ഇവിടത്തെ വില്ലൻ. വിള്ളൽ കണ്ട് വാഹനങ്ങൾ വേഗം കുറയ്ക്കുന്നതോടെ ഇവിടെയും കുരുക്ക് രൂപപ്പെടുന്നു. 

മഴ മാറിയാൽ റീടാറിങ്
ദേശീയപാത 966ബിയുടെ ഭാഗമായ കുണ്ടന്നൂർ– തേവര പാലം. യുപി പാലം ഉൾപ്പെടെ 5.92 കിലോ മീറ്റർ സ്റ്റോൺ മാസ്റ്റിക് അസ്ഫാൾട്ട് സാങ്കേതിക വിദ്യയിലൂടെ നവീകരിക്കുന്നതിന് 10.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ പാലത്തിലെ ടാർ നീക്കിയതിനു ശേഷമാകും നവീകരണം. പാലത്തിന്റെ നടപ്പാതയിൽ തകർന്ന സ്ലാബുകൾ മാറ്റി സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.

ധീര യാത്രികർക്ക് അനുമോദനം
കുണ്ടന്നൂർ പാലത്തിലെ കുഴികൾ താണ്ടിയെത്തിയ ബൈക്ക് യാത്രികർക്ക് മധുരം നൽകി അനുമോദിച്ച് നെട്ടൂർ ആവണി സംഘം പ്രവർത്തകർ. ശോച്യാവസ്ഥയിലായ പാലം നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്തമായ പ്രതിഷേധ സമരം നടത്തുകയായിരുന്നു അവർ. സംഘം പ്രസിഡന്റ് സിബി ലാൽ ഉദ്ഘാടനം ചെയ്തു. ദേവൂസ് ആന്റണി അധ്യക്ഷത വഹിച്ചു, 

സെക്രട്ടറി രാജു ആന്റണി, കെ.എം. ബിനു, വിജയകുമാർ, സോണി വില്യം, ജോഷി കളരിക്കൽ, മാക്സൺ പ്രകാശ്, ആന്റണി ജോബി, കെ.ജെ. ജോയി തുടങ്ങിയവർ പ്രസംഗിച്ചു. അസംഘടിത തൊഴിലാളി കോൺഗ്രസ് കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടിസ് ‘പൊട്ടിപ്പൊളി‍ഞ്ഞ റോഡിൽ’ വാഗ്വാദം
തിരുവനന്തപുരം∙ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാരണം സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെപ്പേർ അപകടത്തിൽപ്പെട്ടു പരുക്കേറ്റു കിടക്കുകയാണെന്നും അറ്റകുറ്റപ്പണിയും കരാറുകാരുടെ കുടിശികയും തീർക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്നും നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു.  സംസ്ഥാനത്തെ 90% റോഡുകളും പൂർണ ഗതാഗതയോഗ്യമാണെന്നും മറ്റിടങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് മറുപടി നൽകി. അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിൽ സർക്കാർ അനാസ്ഥ കാട്ടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

റോഡുപണി തീർക്കുന്നതിൽ പൊതുമരാമത്ത്, തദ്ദേശ, വൈദ്യുതി, ജലവിഭവ വകുപ്പുകളിൽ തമ്മിൽ ഏകോപനമില്ലെന്നും റോഡ് പണിതാൽ പിറ്റേന്ന് പൈപ്പിടാൻ വരുന്ന രീതി ഇപ്പോഴും തുടരുകയാണെന്നും അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച ലീഗ് അംഗം നജീബ് കാന്തപുരം ആരോപിച്ചു.  കരാറുകാർക്ക് ഇത്രയും കുടിശിക വന്ന കാലം മുൻപുണ്ടായിട്ടില്ലെന്നും അതിനാൽ ആരും കരാറെടുക്കാൻ പോലും തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പണിയാൻ പോകുന്ന റോഡിൽ എന്തെങ്കിലും പ്രോജക്ട് ഉണ്ടോയെന്ന് മറ്റ് വകുപ്പുകളോട് ചോദിച്ച് അതു കൂടി പൂർത്തിയാക്കിയിട്ടാണു റോഡ് പണിയേണ്ടത്. അതു ചെയ്യാത്തതു കൊണ്ടാണ് പണി പൂർത്തിയാക്കിയ സ്ഥലങ്ങൾ കുത്തിപ്പൊളിക്കുന്നത്. 

ആലുവ- പെരുമ്പാവൂർ റോഡ് ജൽജീവൻ മിഷനു വേണ്ടി വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചു. പരാതി ഉയർന്നതോടെ ഈ റോഡ് ഞങ്ങളുടേതല്ലെന്നും വാട്ടർ അതോറിറ്റിയുടേതാണെന്നും പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചെന്നു ‘മനോരമ’യിലെ ചിത്രം ഉയർത്തിക്കാട്ടി സതീശൻ പറഞ്ഞു. പണിനടക്കുന്ന ദേശീയപാതയിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റി അധികൃതരുടെ യോഗം വിളിച്ച് നടപടികൾ വേഗത്തിലാക്കിയെന്നും മന്ത്രി റിയാസ് മറുപടി നൽകി. ജലവിതരണത്തിന് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി റോഡുകൾ കുഴിക്കേണ്ടിവരുന്നുണ്ട്. ഇവ പൂർവസ്ഥിതിയിലാക്കുന്നത് ഫലവത്താകാറില്ല. അതിനാൽ പുനഃസ്ഥാപനം പൊതുമരാമത്ത് വകുപ്പ് തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com