ADVERTISEMENT

കാക്കനാട്∙ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട നാലു താലൂക്കുകളിലെ ഫയലുകൾ ആർഡിഒ ഓഫിസുകളിൽ നിന്ന് കലക്ടറേറ്റിലേക്ക് കൈമാറി. ഭൂമി തരംമാറ്റ ഫയലുകൾ വേഗത്തിലാക്കാൻ ഇവിടങ്ങളിലെ 25 ക്ലാർക്കുമാരെയും കലക്ടറേറ്റിലേക്ക് മാറ്റി നിയമിച്ചു. ഉടൻ ചുമതലയേൽക്കാൻ ഇവർക്കു നിർദേശം നൽകിയിട്ടുണ്ട്. ഭൂമി തരം മാറ്റ ഫയലുകൾ തീർപ്പാക്കാൻ ഡപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തി സർക്കാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണയന്നൂർ, ആലുവ, പറവൂർ, കുന്നത്തുനാട് താലൂക്ക് പരിധിയിലെ അപേക്ഷകൾ തുടർ നടപടികൾക്കായി കലക്ടറേറ്റിലേക്ക് കൈമാറിയത്.  മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് പരിധിയിലെ അപേക്ഷകളിൻമേലുളള നടപടി മൂവാറ്റുപുഴ ആർഡിഒ ഓഫിസിലും കൊച്ചി താലൂക്കിലെ നടപടി ഫോർട്ട്കൊച്ചി ആർഡിഒ ഓഫിസിലും തുടരും.

ഓരോ താലൂക്കിലെയും ഭൂമി തരം മാറ്റ ഫയലുകൾ തീർപ്പാക്കാൻ ഓരോ ഡപ്യൂട്ടി കലക്ടർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കലക്ടറേറ്റിൽ ലഭിച്ച ഫയലുകളിൽ തുടർ നടപടി തുടങ്ങിയിട്ടില്ല. പുതുതായി നിയമിച്ച ക്ലാർക്കുമാർ കലക്ടറേറ്റിൽ ചുമതലയേറ്റതിനു ശേഷമേ നടപടികൾ ആരംഭിക്കുകയുള്ളു. ഓൺലൈനായി ലഭിച്ച ഫയലുകൾ തരം തിരിച്ച് ഓരോ സെക്ഷൻ ക്ലാർക്കുമാർക്കു കൈമാറി നടപടികൾ പുനരാരംഭിക്കാൻ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ. ആർഡിഒ ഓഫിസുകളിൽ ഭൂമി തരം മാറ്റത്തിനു തിരക്കേറിയപ്പോൾ പിഎസ‍്സി ലിസ്റ്റിൽ നിന്നു 36 പേരെ സൂപ്പർ ന്യൂമററി വ്യവസ്ഥയിൽ പുതുതായി നിയമിച്ചിരുന്നു. ഇവരിൽ 25 പേരെയാണ് കലക്ടറേറ്റിലേക്ക് മാറ്റിയത്. ശേഷിക്കുന്ന 11 പേരിൽ 6 പേരെ ഫോർട്ട്കൊച്ചിയിലും 5 പേരെ മൂവാറ്റുപുഴയിലും ആർഡിഒ ഓഫിസുകളിൽ നിലനിർത്തിയിട്ടുണ്ട്.

അപേക്ഷ തീർപ്പാക്കാൻ നാല് ഡപ്യൂട്ടി കലക്ടർമാർ, സബ് കലക്ടർ, ആർഡിഒ
ജില്ലയിലെ ഭൂമി തരം മാറ്റ അപേക്ഷകൾ പരിഗണിച്ചു തീർപ്പാക്കാനുള്ള ചുമതല ഡപ്യൂട്ടി കലക്ടർമാർ ഉൾപ്പെടെ 6 ഉദ്യോഗസ്ഥർക്കാണ്. ഓരോ താലൂക്കിലെയും അപേക്ഷകൾ പരിഗണിക്കുന്ന ഡപ്യൂട്ടി കലക്ടർമാർ: കണയന്നൂർ (റവന്യു റിക്കവറി ഡപ്യൂട്ടി കലക്ടർ), പറവൂർ (ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടർ), ആലുവ (സ്ഥലമെടുപ്പ് ഡപ്യൂട്ടി കലക്ടർ), കൊച്ചി (സബ് കലക്ടർ), മൂവാറ്റുപുഴ–കോതമംഗലം (ആർഡിഒ), കുന്നത്തുനാട് (ഭൂ പരിഷ്ക്കരണ ഡപ്യൂട്ടി കലക്ടർ). കണയന്നൂർ, പറവൂർ, ആലുവ, കുന്നത്തുനാട് താലൂക്കുകളിലെ അപേക്ഷ കൈകാര്യം ചെയ്യുന്ന ഡപ്യൂട്ടി കലക്ടർമാരുടെ ഓഫിസ് കാക്കനാട് കലക്ടറേറ്റിലാണ്. ഈ മാസം അവസാനത്തോടെ മാത്രമേ ഫയൽ നടപടികൾ പൂർണതോതിലാകൂവെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com