സുരക്ഷിതമാണോ കുടിവെള്ളം? രവിപുരത്തെ ഫ്ലാറ്റിലെ കുടിവെള്ള സാംപിളിലും ഇ– കോളി ബാക്ടീരിയ
Mail This Article
കുടിവെള്ളത്തിൽ ഇ– കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെ നഗരത്തിലെ പല ഫ്ലാറ്റുകളും സ്വന്തം നിലയിൽ കുടിവെള്ളം പരിശോധനയ്ക്ക് അയയ്ക്കാൻ തുടങ്ങി. രവിപുരത്തെ ഒരു ഫ്ലാറ്റിലെ കുടിവെള്ളം പരിശോധിച്ചപ്പോൾ ഇ– കോളി ബാക്ടീരിയ കണ്ടെത്തുകയും ചെയ്തു. മാനദണ്ഡമനുസരിച്ചു കുടിക്കാനുപയോഗിക്കുന്ന ശുദ്ധജലത്തിൽ കോളിഫോം ബാക്ടീരിയകൾ ഉണ്ടാകരുത്. എന്നാൽ രവിപുരത്തെ ഫ്ലാറ്റിൽ നിന്നെടുത്ത സാംപിൾ സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ 100 മില്ലി ലീറ്റർ വെള്ളത്തിൽ കോളിഫോം 240 എംപിഎന്നും (ബാക്ടീരിയയുടെ അളവ്) ഇ– കോളി 79 എംപിഎന്നുമാണ് കണ്ടെത്തിയത്.
ഇ– കോളി ബാക്ടീരിയയുടെ സാന്നിധ്യം കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലരുന്നതു പരിശോധിക്കാനായി കൃത്യമായ നടപടികൾ വേണമെന്നു റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെടുന്നു. കാക്കനാട്ടെ ഫ്ലാറ്റിലെ കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്നു അറുനൂറോളം താമസക്കാർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. തുടർന്നു നടത്തിയ പരിശോധനയിൽ വെള്ളത്തിൽ ഇ– കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രോഗബാധിതരായവരുടെ സാംപിളുകൾ പരിശോധിച്ചപ്പോൾ ആസ്ട്രോ, റോട്ടാ വൈറസുകളും കണ്ടെത്തിയിരുന്നു.
ഫ്ലാറ്റുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കുമ്പോൾ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണു ആരോഗ്യവകുപ്പിന്റെ നിർദേശം. വീടുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും 20 മിനിറ്റോളം തിളപ്പിച്ച ശേഷമേ വെള്ളം ഉപയോഗിക്കാവൂവെന്നാണു പ്രധാന നിർദേശം. എന്നാൽ ഇത്രയും നേരം വെള്ളം തിളപ്പിക്കാനായി ഇന്ധനം ഉപയോഗിക്കുന്നതു വലിയ സാമ്പത്തിക ബാധ്യതയും അന്തരീക്ഷ മലിനീകരണവുമാണെന്ന എതിർവാദവുമുണ്ട്. പ്രധാന ഫ്ലാറ്റ് അസോസിയേഷനുകളെല്ലാം കുടിവെള്ളം ലാബ് പരിശോധനയ്ക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലാണ്.