ഉച്ചത്തിൽ ഹോൺ മുഴക്കി യാത്രാ ബസ് വളവിൽ കയറി വന്നു; ഒഴിവായത് വൻ അപകടം

Mail This Article
പെരുമ്പാവൂർ ∙ മോട്ടർ വാഹന വകുപ്പു നടപടികൾക്ക് പുല്ലുവില കൽപിച്ചു എഎം റോഡിൽ വീണ്ടും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലെന്നു പരാതി. ഇത്തവണ തെക്കേ വാഴക്കുളം ചെമ്പറക്കിയിലാണു നിര തെറ്റിച്ച് സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ. കുറുപ്പംപടി വട്ടോളിപ്പടിയിൽ മത്സര ഓട്ടം നടത്തിയ 2 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 8.45നാണു സംഭവം. ബ്രേക്ക് ഡൗണായ ബസും ലോറിയും സൃഷ്ടിച്ച കുരുക്ക് തടിയിട്ടപറമ്പ് പൊലീസ് ഒഴിവാക്കിക്കൊണ്ടിരിക്കുന്ന സമയം ആലുവ ഭാഗത്ത് നിന്നു വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഈ സമയം ഹോൺ ഉച്ചത്തിൽ മുഴക്കി യാത്രാ ബസ് നിര തെറ്റിച്ച് വളവിൽ കയറി വന്നു എതിരെ വന്ന വാനിനു സ്ഥലം കൊടുക്കാൻ ഇടത്തോട്ട് ഒതുക്കിയത് നിരയിൽ കിടന്ന കാറിൽ തട്ടി വൻ അപകടം ഉണ്ടാക്കുമായിരുന്നു.
കാർ റോഡിൽ നിന്നിറക്കി വെട്ടിച്ച് മാറ്റിയതിനാൽ അപകടം ഒഴിവായി. 50 മീറ്റർ കഴിഞ്ഞു ചെമ്പറക്കി സ്റ്റോപ്പിൽ നിർത്തേണ്ട ബസ് ആണ് ഇത്തരം പരാക്രമം കാണിച്ചത്. ഫോട്ടോ സഹിതം പെരുമ്പാവൂർ ആർടിഒക്ക് പരാതി നൽകിയിരിക്കുകയാണ് കാർ ഉടമ.