ADVERTISEMENT

വൈപ്പിൻ∙ എറണാകുളം ജില്ലയിലെ മുഖ്യവികസന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ മണ്ഡലത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ച് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ. കടലാക്രമണം മൂലം തീരദേശ വാസികൾ അനുഭവിക്കുന്ന യാതനകൾക്ക് ശാശ്വത പരിഹാരം കാണാൻ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സ്ഥാപനങ്ങൾ പഠനങ്ങൾ നടത്തി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

സംസ്ഥാന തീരദേശ വികസന കോർപറേഷൻ, ഐഐടി മദ്രാസ് മുഖേന തയാറാക്കിയ പഠനറിപ്പോർട്ട് പ്രകാരം കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ച 145.87കോടി രൂപയുടെ പദ്ധതി, ഇറിഗേഷൻ വകുപ്പ് എഡിബി ധനസഹായത്തോടെ 3500 കോടി രൂപ ചെലവുള്ള പദ്ധതി, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് തയാറാക്കി കേന്ദ്രത്തിന്റെ പരിഗണയിലുള്ള 2400 കോടി രൂപയുടെ പദ്ധതി ഉൾപ്പെടെയുള്ളവ തീരദേശ സംരക്ഷണം ലക്ഷ്യമിട്ടുള്ളവയാണ്.

കടൽക്ഷോഭം ഉണ്ടാകുമ്പോൾ ജിയോ ബാഗുകൾ സ്ഥാപിക്കുന്നതുപോലെ താത്കാലിക നടപടികൾ കൃത്യമായി നടപ്പാക്കാറുണ്ടെങ്കിലും സ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നില്ല. മുരിക്കുംപാടം, മാലിപ്പുറം, ഞാറക്കൽ ഉപരിതല ജലസംഭരണികളുടെ പണിപൂർത്തിയായെങ്കിലും കുടിവെള്ളക്ഷാമം ഉണ്ട്. ഇതിനു പരിഹാരം അനിവാര്യമാണ്. ചൊവ്വര ശുചീകരണ പ്ലാന്റ് നവീകരണം ഇനിയും വൈകിക്കരുത്. മുനമ്പം ഡീസാലിനേഷൻ പ്ലാന്റ് സ്ഥാപിക്കണം. 215 കോടിരൂപയുടെ ഈ പദ്ധതി ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി തയാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com