ഗതാഗതക്കുരുക്കിന് പരിഹാരമില്ല; അരൂർ–തുറവൂർ ഉയരപ്പാത നിർമാണം തടഞ്ഞു

Mail This Article
തുറവൂർ ∙ ഗതാഗതക്കുരുക്കിന് പരിഹാരമില്ലാത്തതിനെത്തുടർന്ന് അരൂർ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം തടഞ്ഞു. ഇന്നലെ വൈകിട്ടോടെ അരൂർ ബൈപാസ് കവലയ്ക്കു സമീപം പൈലിങ് ജോലികൾ നടക്കുമ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ പ്രതിഷേധവുമായി എത്തി ജോലി തടസ്സപ്പെടുത്തിയത്. അരൂർ പൊലീസ് എത്തി ചർച്ച നടത്തിയെങ്കിലും മണിക്കൂറുകളോളം പ്രതിഷേധം തുടർന്നു.
അരൂർ മുതൽ തുറവൂർ വരെയുള്ള ഗതാഗത പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ കരാറുകാർക്കായില്ലെന്നും കലക്ടറുടെ അനാസ്ഥയാണ് കാരണമെന്നുമാണ് ജനപ്രതിനിധികളുടെ ആരോപണം. കരാറുകാർ മാത്രം പറയുന്ന കാര്യങ്ങളാണ് നടത്തുന്നത്. അരൂർ മുതൽ തുറവൂർ വരെ ടാറിങ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരിടത്തും ടാറിങ് നടത്തിയില്ലെന്നും ജനപ്രതിനിധികളുമായി കൂടിയാലോചന നടത്താതെയാണ് കാര്യങ്ങൾ നടത്തുന്നതെന്നും ഇവർ ആരോപിച്ചു. ജോലിയുടെ ഭാഗമായി 3 ദിവസം ഗതാഗതം തടസ്സപ്പെടുത്തുമെന്ന് പറഞ്ഞിട്ട് 5 ദിവസം പിന്നിടുകയാണെന്നും ജനപ്രതിനിധികൾ പറഞ്ഞു.
അരൂർ മുതൽ തുറവൂർ വരെയുള്ള പഞ്ചായത്തുകൾക്കു ഗതാഗത പ്രശ്നം പരിഹരിക്കാൻ 10 കോടി രൂപ നൽകിയെന്ന് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പൊലീസിന് പരാതി നൽകുമെന്ന് അരൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞു. സർവീസ് റോഡുകളിൽ ടാറിങ്ങിനു പകരം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള നിർമാണം പൂർത്തിയായെന്നു കരാറുകാർ പറഞ്ഞു. അമിക്കസ് ക്യൂറി സന്ദർശിച്ച ശേഷം നവീകരണം നടത്തണമെന്നു പറഞ്ഞ ഭാഗങ്ങളിൽക്കൂടി നിർമാണം നടത്താനാണ് രണ്ടുദിവസം അധികം വേണ്ടിവന്നതെന്നും കരാറുകാർ പറഞ്ഞു.