മുറിക്കല്ല് ബൈപാസ് നിർമാണം: ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാക്കും
Mail This Article
മൂവാറ്റുപുഴ ∙ മുറിക്കല്ല് ബൈപാസ് നിർമാണത്തിന്റെ ഭൂമി ഏറ്റെടുക്കൽ ഈ മാസം പകുതിയോടെ പൂർത്തിയാക്കും. 80 പേരിൽ നിന്നായി രണ്ട് ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ 41 പേരിൽ നിന്നായി 1 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. ഇവർക്ക് നഷ്ടപരിഹാരവും നൽകി. 39 പേരിൽ നിന്നുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇവർക്കുള്ള നഷ്ടപരിഹാരം നൽകുന്നതോടെ ഏറ്റെടുക്കൽ പൂർത്തിയാകും.ട്രഷറി നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരം ലഭിച്ചവർക്ക് തുക ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് ഏറ്റെടുക്കൽ നടപടികൾ നിലവിൽ വൈകുന്നത്. നേരത്തെ ഭൂമി ഏറ്റെടുക്കൽ ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു റവന്യു, കെആർഎഫ്ബി ഉദ്യോഗസ്ഥർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും നടപടിക്രമങ്ങൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ കിഫ്ബി പ്രൊജക്ട് മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്നു ഭൂമി ഏറ്റെടുക്കുന്നതിന് 57 കോടി രൂപ കെആർഎഫ്ബിക്കു കൈമാറിയിരുന്നെങ്കിലും ഭൂവുടമകൾക്കു തുക കൈമാറി ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകിയതിനെ തുടർന്നാണ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതി എത്തിയത്.ലീഗൽ സർവീസ് അതോറിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നോട്ടിസ് നൽകി വിളിച്ചുവരുത്തിയതോടെ ആണ് ഭൂമിയേറ്റെടുക്കൽ ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു ഇവർ വ്യക്തമാക്കിയത്.