ദ്രവിച്ച നീർപ്പാലത്തിലൂടെ നെഞ്ചിടിപ്പോടെ നാട്ടുകാർ
Mail This Article
പെരുമ്പാവൂർ ∙ ജീർണാവസ്ഥയിലെത്തിയ 60 വർഷം പഴക്കമുള്ള നീർപ്പാലത്തിനു മുകളിലൂടെ ഭീതിയോടെ യാത്ര ചെയ്യേണ്ട അവസ്ഥയിൽ ഈസ്റ്റ് ഒക്കൽ മസ്ജിദ് പരിസരത്തെ നാട്ടുകാർ. മസ്ജിദിനു മുൻപിലൂടെ കൂവപ്പടിയിലേക്കു റോഡ് വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അപകടാവസ്ഥയിലായതും വീതി കുറഞ്ഞതുമാണു നീർപ്പാലം റോഡ്. സൈക്കിളിനു പോലും കടന്നുപോകാൻ ഇടമില്ല. മസ്ജിദിൽ പ്രാർഥനയ്ക്ക് എത്തുന്നവരും 3 അങ്കണവാടി, ചേരാനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ, കൂവപ്പടി പോളിടെക്‌നിക് എന്നിവിടങ്ങളിലേക്കും ദേവാലയങ്ങളിലേക്കും കൂവപ്പടിയിൽ നിന്ന് ഒക്കൽ എസ്എൻഎച്ച്എസിലേക്കും ഇതു വഴിയാണു പോകുന്നത്.
നീർപ്പാലത്തിനു താഴെ കൂവപ്പടി പഞ്ചായത്തും ഒക്കൽ പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നിർമിച്ചാൽ ഒട്ടേറെ കുടുംബങ്ങൾക്ക് എളുപ്പ വഴിയാകും. നീർപ്പാലത്തിനു താഴെയുള്ള സ്ഥലം ഉപയോഗപ്പെടുത്തി ബൈപാസ് റോഡ് നിർമിച്ചാൽ പെരുമ്പാവൂർ, കാലടി, അങ്കമാലി മേഖലകളിലേക്കും, വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോടനാട് ആനക്കളരി, കപ്രിക്കാട്, പ്രസിദ്ധമായ മലയാറ്റൂർ പളളി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും 15 കിലോമീറ്ററോളം ലാഭിക്കാം. ബൈപാസ് യാഥാർഥ്യമായാൽ വല്ലം ജംക്‌ഷനിലെ ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമാകും.