കോട്ടുവള്ളിയും ആലങ്ങാടും പനിച്ചുവിറയ്ക്കുന്നു; വൈറൽ പനി ബാധിതർ കൂടുതൽ

Mail This Article
ആലങ്ങാട് ∙ കോട്ടുവള്ളി - ആലങ്ങാട് പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. ആരോഗ്യവിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യം. സർക്കാർ– സ്വകാര്യ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രതിദിനം എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതായാണു കണക്കുകൾ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചെറിയ കുട്ടികളിൽ പനി പടർന്നു പിടിക്കുന്നതായി പറയുന്നു.
ഇത്തരം സാഹചര്യത്തിൽ വാർഡുകൾ കേന്ദ്രീകരിച്ചു പ്രതിരോധ പ്രവർത്തനങ്ങളും പ്രതിരോധ മരുന്നുകളും വിതരണം ചെയ്യാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇരു പഞ്ചായത്തുകളുടെയും പല ഭാഗങ്ങളിലും മലിനജലം കെട്ടിക്കിടന്നു കൊതുക് പെറ്റു പെരുകുന്നതും, ശുദ്ധജലവിതരണ കുഴലുകൾ പൊട്ടിക്കിടക്കുന്ന ഭാഗത്തു കൂടി ജലത്തിൽ മാലിന്യം കലരുന്നതും സാംക്രമിക രോഗവ്യാപനത്തിനു കാരണമാകുന്നുണ്ട്.