കുമ്പളം– തേവര കടത്ത് വീണ്ടും താളം തെറ്റി
Mail This Article
കുമ്പളം ∙ പുനരാരംഭിച്ച കുമ്പളം- തേവര കടത്ത് സർവീസ് വീണ്ടും താളം തെറ്റുന്നു. ഇന്നലെ രാവിലെ ആദ്യ ട്രിപ്പുമായി തേവരയിൽ എത്തിയ ബോട്ട് പിന്നീട് സ്റ്റാർട്ടായില്ല. യന്ത്രത്തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ ഇന്നലത്തെ എല്ലാ സർവീസും റദ്ദാക്കി. ബോട്ട് പ്രതീക്ഷിച്ച് കടത്തുകടവിൽ എത്തിയ യാത്രികർ മറ്റു മാർഗങ്ങൾ തേടി. വ്യാഴാഴ്ചയും ബോട്ട് തകരാറിൽ ആയിരുന്നു. ഉച്ചയോടെ നിലച്ച സർവീസ് അന്ന് വൈകിട്ട് അഞ്ചോടെ പുനരാരംഭിക്കാനായി. ഇന്നലെ അതിനും സാധിച്ചില്ല. ജെട്ടിയിൽ കെട്ടിയിടുന്ന ബോട്ട് കേടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നതായി പരാതി ഉയർന്നിരുന്നു.
സർവീസ് മുടങ്ങാതിരിക്കാൻ ബദൽ മാർഗം സജ്ജമാക്കുമെന്ന് പഞ്ചായത്ത് പറഞ്ഞിരുന്നെങ്കിലും യാത്രികർക്കു പെരുവഴി തന്നെ ആയിരുന്നു. പഴഞ്ചൻ ബോട്ടാണ് പഞ്ചായത്ത് കടത്തിറക്കാൻ എത്തിച്ചതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് തുടർച്ചയായ തകരാറെന്ന് യാത്രികർ പറഞ്ഞു. അസാധാരണ ശബ്ദമാണ് ബോട്ടിനെന്നും ഇവർ പറയുന്നു. പഞ്ചായത്ത് വാടകയ്ക്ക് എടുത്ത ബോട്ടാണിത്. യാത്രക്കാരുടെ ചീത്തവിളി കേട്ട് നടത്തിപ്പുകാരൻ ധർമ സങ്കടത്തിലായി. കടത്ത് സർവീസ് വിഷയത്തിൽ വിവിധ സംഘടനകളും രംഗത്തെത്തി.
യാത്രികർക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം രാവിലെയും വൈകിട്ടും കൃത്യമായ ഇടവേളകളിൽ സർവീസ് ലഭ്യമാക്കുവാൻ പഞ്ചായത്ത് തയാറാകണമെന്നും ബദൽ സംവിധാനം ഉറപ്പാക്കണമെന്നും കുമ്പളം സാംസ്കാരിക വേദി ആവശ്യപ്പെട്ടു. പഞ്ചായത്ത് ആരംഭിച്ച സർവീസ് തകർക്കാനുള്ള നീക്കം ചെറുക്കണമെന്ന് സിപിഎം കുമ്പളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ബോട്ട് തകരാറിലാക്കിയവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കോൺഗ്രസ് കുമ്പളം മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു. സർവീസ് മുടങ്ങിയത് ശ്രദ്ധയിൽ പെട്ടില്ലെന്നും ബോട്ട് ഉടമയുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.