അടിയന്തര അറ്റകുറ്റപ്പണി; കുണ്ടന്നൂർ പാലം 2 ദിവസം അടച്ചിടും
Mail This Article
കുണ്ടന്നൂർ ∙ അടിയന്തര അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ- തേവര പാലം 2 ദിവസം അടച്ചിടാൻ തീരുമാനം. ചൊവ്വാഴ്ച രാത്രി 11 മുതൽ 2 ദിവസത്തേക്കാണു പാലം അടച്ചിടുക. വെള്ളിയാഴ്ച രാവിലെ തുറന്നുകൊടുക്കും. യാത്രികർ മറ്റു മാർഗങ്ങൾ പ്രയോജനപ്പെടുത്തി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. പാലത്തിന്റെ ശോച്യാവസ്ഥയെപ്പറ്റി 'മലയാള മനോരമ' വാർത്തയെ തുടർന്ന് മരട് നഗരസഭയുടെ നേതൃത്വത്തിൽ എറണാകുളം എസിപിയുടെ ചേംബറിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ജൂൺ ആദ്യവാരം കുഴികൾ മൂടിയ ടാർ മഴയിൽ ഒഴുകിപ്പോയ സാഹചര്യത്തിൽ യന്ത്ര സഹായത്തോടെ കൂടുതൽ ഉറപ്പോടെ ആയിരിക്കും കുഴിയടയ്ക്കൽ. അതിനാലാണു ഗതാഗതം പൂർണമായി തടസ്സപ്പെടുത്തുന്നത്.
മഴ മാറിയതിനു ശേഷമാകും ടാർ മുഴുവൻ മില്ലു ചെയ്തു നീക്കി സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിങ്. മേഖലയിലെ സ്കൂളുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ യോഗം വിളിച്ചുചേർത്തതിനു ശേഷമാകും തീരുമാനിക്കുക. എസിപി പി. രാജ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, ഉപാധ്യക്ഷ രശ്മി സനിൽ, സ്ഥിര സമിതി അധ്യക്ഷ ശോഭാ ചന്ദ്രൻ, കൗൺസിലർമാരായ അജിത നന്ദകുമാർ, പി.ഡി. രാജേഷ്, ടി.എസ്. ചന്ദ്രകലാധരൻ, മരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം ആലുവ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയർ പി.ജെ. ഷിബു, സൈറ്റ് മാനേജർ രാഗാന്ധ്, ഓവർസീയർ സുജാത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.