തീരാതെ റോഡ് നവീകരണം; ജനത്തിന് തീരാദുരിതം

Mail This Article
ഫോർട്ട്കൊച്ചി∙ ജങ്കാർ ജെട്ടി മുതൽ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി വരെയും കൽവത്തി പാലം വരെയുമുള്ള റോഡ് തകർന്നിട്ട് 2 വർഷത്തിലേറെയായി. സിഎസ്എംഎൽ നേതൃത്വത്തിൽ ടെൻഡർ നൽകിയ നിർമാണ ജോലികൾ ഉപകരാറുകാരുടെ അനാസ്ഥ മൂലമാണ് പൂർത്തിയാകാത്തത്. റോഡരികിലെ കാന നിർമാണം, കേബിളുകളുടെ വിന്യാസം എന്നിവ ഭാഗികമായി മാത്രമാണ് പൂർത്തിയായത്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ജോലി പൂർത്തീകരണത്തിന് തടസ്സമാകുന്നു. നോഡൽ ഏജൻസിയായ നഗരസഭ പദ്ധതി അവലോകന യോഗം വിളിച്ചു ചേർത്തിട്ട് ഒന്നര വർഷത്തിലേറെയായെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.്ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിന് മുന്നിലുള്ള റോഡാണ് കൂടുതൽ തകർന്നു കിടക്കുന്നത്. വൈപ്പിൻ – ഫോർട്ട്കൊച്ചി റോ– റോ ജങ്കാർ ഇറങ്ങി വരുന്ന വാഹനങ്ങൾ ഇപ്പോൾ താലൂക്ക് ഓഫിസിനു മുന്നിലൂടെയാണ് തിരിച്ചു വിടുന്നത്. ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന ബസുകളും ഇതു വഴിയുള്ള യാത്ര ഉപേക്ഷിച്ചിട്ട് മാസങ്ങളായി.
താലൂക്ക് ഓഫിസിനു മുന്നിൽ ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് സെന്റ് പോൾസ് പബ്ലിക് സ്കൂളിന് മുൻവശത്തു കൂടെയാണ് ബസുകൾ കുന്നുംപുറം സ്റ്റോപ്പിലേക്ക് എത്തുന്നത്. ജങ്കാർ ജെട്ടിയിൽ നിന്ന് ബസ് കയറിയിരുന്ന ആളുകൾ ഇപ്പോൾ സെന്റ് പോൾസ് സ്കൂളിന് മുൻവശം വരെ നടന്നു വന്ന ശേഷമാണ് ബസ് കയറുന്നത്. ഇവിടേക്ക് എത്തുന്നതിനുള്ള ടി.എം.മുഹമ്മദ് റോഡിന്റെ അവസ്ഥയും ശോചനീയം. ആസ്പിൻവാൾ ജംക്‌ഷൻ മുതൽ സെന്റ് പോൾസ് ജംക്‌ഷൻ വരെ റോഡിൽ നിറയെ കുഴികൾ. നടപ്പാതയുടെ പണിയും പാതിവഴിയിൽ നിർത്തിയിരിക്കുന്നു. നടപ്പാതയിൽ കോൺക്രീറ്റ് സ്ലാബുകൾ കൂട്ടി വച്ചിരിക്കുന്നതിനാൽ കാൽനട യാത്രയും ബുദ്ധിമുട്ടായി. ടൂറിസം കേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കുന്നത് പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്. ഫോർട്ട്കൊച്ചിയിലെ മറ്റ് പൈതൃക വഴികൾ സിഎസ്എംഎൽ പദ്ധതി പ്രകാരം ചതുരക്കല്ല് വിരിച്ച് മനോഹരമാക്കിയെങ്കിലും പ്രധാന റോഡിന് ഇനിയും ശാപമോക്ഷം അകലെ.