റോഡിലെ അപകടക്കെണികളിൽ നാട്ടുകാരുടെ പൊടിക്കൈകൾ

Mail This Article
മൂവാറ്റുപുഴ∙ യാത്രക്കാരെ എംസി റോഡിലെ അപകടക്കുഴികളിൽ നിന്നു രക്ഷിക്കുന്നതു നാട്ടുകാരുടെ പൊടിക്കൈകൾ. ഇവിടെ അപകടങ്ങൾ പതിവായതോടെയാണ് നാട്ടുകാർ മണൽ ചാക്കുകൾ ഇട്ടും പച്ചില തലപ്പുകൾ കൊണ്ടു കുഴി മൂടിയും യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നത്.130 ജംക്‌ഷനിൽ പൊട്ടിയ പൈപ്പിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ടി കുഴിച്ചതു മൂടാതെ ഇട്ടിരിക്കുന്നതിനാൽ അപകടങ്ങൾ പതിവായിരുന്നു. നാട്ടുകാർ ഇവിടെ പച്ചില തലപ്പുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്.
ഇക്കാര്യം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉൾപ്പെടെ ജല അതോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കുഴി മൂടാൻ നടപടിയില്ല.എംസി റോഡിൽ വെള്ളൂർകുന്നം സിഗ്നൽ ജംക്‌ഷനു സമീപമാണ് സ്ലാബുകൾ തകർന്നു കുഴി രൂപപ്പെട്ടിരിക്കുന്നത്. കാൽനടയാത്രക്കാരെ ഇപ്പോൾ കാനയിൽ വീഴാതെ സംരക്ഷിക്കുന്നത് സ്ലാബ് തകർന്നതിന്റെ ഇരുവശവും സ്ഥാപിച്ചിരിക്കുന്ന മണ്ണു ചാക്കുകളാണ്.