ജി.കെ പിള്ള റോഡിൽ കുഴിക്കെണി: അപകടങ്ങളും ഗതാഗതക്കുരുക്കും

Mail This Article
പെരുമ്പാവൂർ ∙ ജികെ പിള്ള റോഡിൽ കുഴുപ്പിള്ളിക്കാവ് ജംക്‌ഷനിൽ വൻ കുഴി രൂപപ്പെട്ടു വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും. എംസി റോഡിനെയും എഎം റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ജികെ പിള്ള റോഡ്.കുഴുപ്പിള്ളി കാവിനു സമീപം സപ്ലൈകോ മാർക്കറ്റിനു മുൻവശത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. എംസി റോഡിൽ നിന്ന് ഔഷധി ജംക്‌ഷനു മുൻപായി ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ഭാരവാഹനങ്ങൾ തിരിച്ചുവിടുന്ന പ്രധാന റോഡാണിത്. എംസി റോഡ് വഴി വരുന്ന സ്വകാര്യ ബസുകൾ നിയമം തെറ്റിച്ചു ഈ റോഡ് വഴി കടന്നു പോകുന്നുണ്ട്.
വെള്ളക്കെട്ടു രൂപപ്പെട്ട് റോഡ് തകരുന്ന ഭാഗങ്ങളിൽ മാസങ്ങൾക്കു മുൻപ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ടാറും ടൈലുകളും ഇളകി മഴവെള്ളം കെട്ടിക്കിടന്ന് ഓട്ടോറിക്ഷ, കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്കു കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. ഭാരവാഹനങ്ങൾക്കു കടന്നു പോകാനുള്ള ശേഷിയില്ലാത്തതാണു റോഡ് തകരാൻ കാരണം. കുഴിപ്പിള്ളിക്കാവ് മുതൽ എഎം റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗം വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു
റോഡ് നന്നാക്കാൻ സമരം തുടങ്ങും:ബിജെപി
പെരുമ്പാവൂർ ∙ റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങുമെന്ന് ബിജെപി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.അനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അജിൽ കുമാർ മനയത്ത്,മണ്ഡലം സെക്രട്ടറിമാരായ ദേവച്ചൻ പടയാട്ടിൽ, പി.ആർ.സലി, മധുസൂദനൻ പിള്ള,സജീവ് പി.മേനോൻ എന്നിവർ അറിയിച്ചു.റോഡിൽ ടൈൽ ഇടുന്നതിനു മുൻപ് പ്രതലം കൃത്യമായി ഉറപ്പിക്കാത്തതു റോഡ് തകർച്ചയ്ക്കു കാരണമാകുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഉണ്ട്. ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ ഓഫിസ് ഉപരോധം അടക്കമുള്ള സമര പരിപാടികളാണ് ആലോചിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.