ബ്രഹ്മപുരത്ത് ‘ലാൻഡ്ഫിൽ’ സാധ്യത തേടി സർക്കാർ

Mail This Article
കൊച്ചി ∙ ബ്രഹ്മപുരത്തു ശാസ്ത്രീയമായി ഖരമാലിന്യം കുഴിച്ചു മൂടുന്ന ‘സാനിറ്ററി ലാൻഡ്ഫിൽ’ കേന്ദ്രം സജ്ജമാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ബ്രഹ്മപുരത്തു കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 50 ഏക്കർ സ്ഥലമാണു ലാൻഡ്ഫില്ലിനായി പരിഗണിക്കുന്നത്. പദ്ധതിക്കുള്ള സാധ്യത പഠനം നടത്താൻ കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് (കെഎസ്ഡബ്ല്യുഎംപി) സംസ്ഥാന സർക്കാർ അനുമതി നൽകി. ബ്രഹ്മപുരത്തു കണ്ടെത്തിയ ഭൂമി പദ്ധതിക്ക് അനുയോജ്യമാണോയെന്നു പരിശോധിക്കാനാണു ടാറ്റ കൺസൽറ്റിങ് എൻജിനീയേഴ്സ് സാധ്യത പഠനം നടത്തുന്നത്.
ബ്രഹ്മപുരത്തു സാനിറ്ററി ലാൻഡ്ഫില്ലിനു യോജിച്ച സ്ഥലം കണ്ടെത്താൻ അനുമതി തേടി ജനുവരിയിലാണു കെഎസ്ഡബ്ല്യുഎംപി പ്രോജക്ട് ഡയറക്ടർ സർക്കാരിനെ സമീപിച്ചത്. മേയ് അവസാനം തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യം ചർച്ച ചെയ്തു. പദ്ധതിക്കു വേണ്ടി ബ്രഹ്മപുരത്തു സാധ്യത പഠനം നടത്തുന്നതിൽ അനുകൂല നിലപാടാണു യോഗം കൈക്കൊണ്ടത്. പഠന റിപ്പോർട്ടിൽ കൊച്ചി കോർപറേഷന്റെ കൂടി നിർദേശങ്ങൾ പരിഗണിച്ചാകും ബ്രഹ്മപുരത്തു സാനിറ്ററി ലാൻഡ്ഫിൽ കേന്ദ്രം ആരംഭിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
സാനിറ്ററി ലാൻഡ്ഫിൽ പദ്ധതിക്കു വേണ്ടി സാധ്യത പഠനം നടത്തുന്ന കാര്യം സർക്കാർ കോർപറേഷനെ അറിയിച്ചിട്ടുണ്ടെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. ബ്രഹ്മപുരത്തെ ഭൂമിയുടെ പ്രത്യേകതയുൾപ്പെടെ കോർപറേഷന്റെ അഭിപ്രായങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സാധ്യത പഠന റിപ്പോർട്ട് ലഭിച്ച ശേഷം കൗൺസിലിൽ കൂടി ചർച്ച ചെയ്തിട്ടു മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്നു മേയർ പറഞ്ഞു.
സാനിറ്ററി ലാൻഡ്ഫിൽ
പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ദോഷകരമാകാതെ ശാസ്ത്രീയമായി മാലിന്യം മണ്ണിൽ കുഴിച്ചു മൂടുന്ന രീതിയാണു സാനിറ്ററി ലാൻഡ്ഫിൽ. വായുവുമായി വളരെ കുറച്ചു സമ്പർക്കം മാത്രം വരുന്ന തരത്തിലാണ്, ആഴത്തിൽ കുഴിയെടുത്തു മാലിന്യം അടുക്കുകളായി കുഴിച്ചു മൂടുക. വിദേശരാജ്യങ്ങളിൽ മാലിന്യ സംസ്കരണത്തിനുപയോഗിക്കുന്ന പ്രധാന രീതിയാണിത്. മലിനജലം ഭൂമിയിലേക്ക് ഒലിച്ചിറങ്ങുമെന്നതും കൈകാര്യം ചെയ്യുന്നതിൽ പാളിച്ചകളുണ്ടായാൽ പ്രശ്നമാണെന്നതുമാണു പോരായ്മകൾ. ബ്രഹ്മപുരത്തിനു സമീപത്തു കൂടി കടമ്പ്രയാർ ഒഴുകുന്നതിനാൽ പദ്ധതി നടപ്പാക്കുമ്പോൾ ജലസ്രോതസ്സുകൾ മലിനപ്പെടുമോയെന്ന ആശങ്കയുമുണ്ട്.