ADVERTISEMENT

കോതമംഗലം∙ 14 വർഷങ്ങൾക്കു ശേഷം കമ്മിഷൻ ചെയ്യാനൊരുങ്ങി തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി. 40 മെഗാവാട്ട് ശേഷിയുള്ള നിലയത്തിൽ 10 മെഗാവാട്ട് ജനറേറ്ററാണ് ആദ്യം പ്രവർത്തനം തുടങ്ങുന്നത്. പിന്നാലെ 30 മെഗാവാട്ട് ജനറേറ്റർ കൂടി പ്രവർത്തിപ്പിക്കും. നിർമാണം പൂർത്തീകരിച്ച് യന്ത്രങ്ങൾ ഘടിപ്പിച്ച് ട്രയൽ റൺ തുടങ്ങി. കമ്മിഷൻ ചെയ്യുന്നതിന്റെ പ്രാരംഭ നടപടിയായി ലോവർപെരിയാർ പദ്ധതിയുടെ പഴയ ലൈനിലേക്കു ബന്ധിപ്പിക്കുന്ന നീണ്ടപാറയിലെ 400 മീറ്റർ 220 കെവി ലൈൻ ടെസ്റ്റിനു കഴിഞ്ഞ ദിവസം ചാർജ് ചെയ്തു. ചാലക്കുടി സബ്സ്റ്റേഷൻ വഴിയാണു വൈദ്യുതി വിതരണം സാധ്യമാകുന്നത്. ഇടുക്കി ജില്ലയിൽ ദേവിയാർ പുഴയുടെ ഭാഗമായ വാളറയ്ക്കു സമീപം തൊട്ടിയാർ പദ്ധതി പ്രദേശത്ത് തടയണ നിർമിച്ച് പെരിയാറിന്റെ തീരത്തു നീണ്ടപാറയിൽ നിർമിച്ചിട്ടുള്ള നിലയത്തിൽ വെള്ളം എത്തിച്ചാണു വൈദ്യുതോൽപാദനം.

ഉൽപാദനത്തിനു ശേഷം വെള്ളം പെരിയാറിലേക്കാണ് ഒഴുകുന്നത്. 2 മാസത്തിനുള്ളിൽ നാടിനു സമർപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 2009ൽ 207 കോടി രൂപയ്ക്കാണു പദ്ധതിയുടെ കരാർ നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ, നിർമാണം പാതിവഴിയിൽ എത്തുന്നതിനു മുൻപേ കരാർ റദ്ദാക്കി. തുടർന്നു 2018ൽ എസ്റ്റിമേറ്റ് പുതുക്കി 280 കോടിക്കു വീണ്ടും കരാർ നടപടികൾ പൂർത്തീകരിച്ചാണ് പദ്ധതി കമ്മിഷനു തയാറാകുന്നത്. തൊട്ടിയാർ മുതൽ പത്താംമൈലിനു സമീപം വരെ പുഴയുടെ ഇരു കരകളിലുമായി 10 ഹെക്ടറോളം ഭൂമി പദ്ധതിക്കുവേണ്ടി വൈദ്യുതിവകുപ്പ് ഏറ്റെടുത്തു. ഇതോടൊപ്പം വനം, റവന്യു വകുപ്പുകളിൽ നിന്ന് ആവശ്യമായ ഭൂമിയും ലഭിച്ചു.

ദേവിയാർ പുഴയ്ക്കു കുറുകെ 222 മീറ്റർ നീളത്തിലാണ് തടയണ നിർമിച്ചിട്ടുള്ളത്. അനുബന്ധമായി 199 മീറ്റർ നീളത്തിൽ ടണലും 2.05 മീറ്റർ വ്യാസത്തിൽ 1,250 മീറ്റർ പെൻസ്റ്റോക്കും സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്തു ദേവിയാർ പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാഴാകാതെ പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുകയാണു വൈദ്യുതി ബോർഡിന്റെ ലക്ഷ്യം.  വേനൽക്കാലത്തു പുഴയിൽ ആവശ്യത്തിനു വെള്ളം ലഭിക്കില്ലാത്തതിനാൽ വൈദ്യുതി ഉൽപാദിപ്പിക്കണമെങ്കിൽ മറ്റു വഴികൾ തേടേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com