കുന്നില്ലാത്ത കുന്നത്തുനാട്; പേരിനെ തന്നെ ഇല്ലാതാക്കി മണ്ണു മാഫിയയുടെ വിളയാട്ടം

Mail This Article
കിഴക്കമ്പലം∙ പേരിനെ തന്നെ ഇല്ലാതാക്കി കുന്നത്തുനാട്ടിൽ മണ്ണു മാഫിയയുടെ വിളയാട്ടം. കുന്നില്ലാത്ത സ്ഥിതിയിലേക്ക് കുന്നത്തുനാട് മാറിയിരിക്കുകയാണ്. കുന്നത്തുനാട് പഞ്ചായത്തിനു കീഴിലെ പോത്തനാംപറമ്പ്, വെട്ടിക്കാപ്പിള്ളി മല, മനക്കേക്കര, പട്ടിമറ്റം മേഖലകളിൽ മണ്ണെടുപ്പ് മൂലം നാട്ടുകാർക്ക് ഒട്ടേറെ ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. കൂടാതെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ അമ്പലമുകൾ ചാലിക്കര എന്നിവിടങ്ങളിൽ മഴക്കാലത്ത് പോലും മണ്ണെടുക്കുന്നതായും പരാതി. വീടു നിർമിക്കാനെന്ന വ്യാജേന പാസ് എടുത്ത് പിന്നീട് വലിയ മലകൾ ഇടിച്ചു നിരത്തുന്നതാണ് മണ്ണു മാഫിയക്കാരുടെ രീതി.അടുത്തിടെ കുന്നത്തുനാട് പഞ്ചായത്തിലെ കോട്ടമലയിൽ മണ്ണെടുത്ത ഭാഗത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞു സമീപത്തെ വീട്ടിലേക്ക് വീണിരുന്നു.
കനത്ത മഴയിൽ മണ്ണെടുത്ത പ്രദേശത്തെ മുഴുവൻ ചെളി ഉൾപ്പെടെ വീടുകളിലേക്ക് ഇരച്ചെത്തിയിരുന്നു. കുന്നത്തുനാട് തഹസിൽദാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കലക്ടർക്ക് കൈമാറിയതല്ലാതെ തുടർ നടപടികൾ ഇല്ലാതെ പോകുന്നു. എന്നാൽ സാധാരണക്കാർ മണ്ണെടുപ്പിന് അപേക്ഷ നൽകിയാലും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകാറില്ലെന്നതാണ് രീതി.
കുന്നത്തുനാട് എന്നൊരു സ്ഥലം ഇല്ല
കിഴക്കമ്പലം∙ കുന്നത്തുനാട്ടിലെത്തി കുന്നത്തുനാട് എവിടെയെന്ന് ചോദിച്ചാൽ ഇവിടത്തുകാർ കൈമലർത്തും. അസംബ്ലി നിയോജകമണ്ഡലത്തിന്റെ പേര് ഉൾപ്പെടെ എല്ലായിടത്തും കുന്നത്തുനാടുണ്ട്. എന്നാൽ അങ്ങനെയൊരു സ്ഥലമുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. കുന്നത്തുനാട് എന്ന പേരിൽ താലൂക്ക് ഓഫിസ്, പഞ്ചായത്ത് കാര്യാലയം, വില്ലേജ് ഓഫിസ്, പൊലീസ് സ്റ്റേഷൻ, സഹകരണ ബാങ്ക്, എസ്എൻഡിപി യൂണിയൻ, എൻഎസ്എസ് കരയോഗം, ലൈബ്രറി കൗൺസിൽ, സർവീസ് സൊസൈറ്റി, റബർ മാർക്കറ്റിങ് സൊസൈറ്റി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുണ്ടെങ്കിലും കുന്നത്തുനാട് എന്നൊരു സ്ഥലം മാത്രമില്ല. കുന്നത്തുനാട് പഞ്ചായത്ത് ഓഫിസും വില്ലേജ് ഓഫിസും പള്ളിക്കരയിലാണ്.
പൊലീസ് സ്റ്റേഷൻ പട്ടിമറ്റത്തും. താലൂക്ക് ഓഫിസ്, എസ്എൻഡിപി, എൻഎസ്എസ്, ലൈബ്രറി കൗൺസിൽ തുടങ്ങിയവയുടെ ആസ്ഥാനം പെരുമ്പാവൂരിലാണ്. പഴയ കൊച്ചിയുടെ ഭാഗമായിരുന്ന ആലങ്ങാട്, പറവൂർ താലൂക്കുകൾ വിഭജിച്ചാണ് കുന്നത്തുനാട് താലൂക്ക് രൂപീകരിച്ചതെന്നാണ് ചരിത്രം. വാഴക്കുളം, കിഴക്കമ്പലം,കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട്, പൂതൃക്ക, പുത്തൻകുരിശ്, തിരുവാണിയൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കുന്നത്തുനാട് നിയോജകമണ്ഡലം . 1967 ലാണ് മണ്ഡലം രൂപീകരിച്ചത്.