ADVERTISEMENT

കളമശേരി ∙ മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് നിവാരണത്തിന്റെ ഭാഗമായി ദേശീയപാത അതോറിറ്റിയുടെ പുഷ്ത്രൂ കൽവർട്ട് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെന്നു മന്ത്രി പി.രാജീവ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണക്കരാർ അവാർഡ് ചെയ്യും. പദ്ധതിക്കായി 3.5 കോടി രൂപ ചെലവഴിക്കും.  ദേശീയപാത അതോറിറ്റി, റെയിൽവേ, കൊച്ചി മെട്രോ, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയാണു കൽവർട്ട് നിർമാണത്തിനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഒഴുകിയെത്തുന്ന വെള്ളം ദേശീയപാതയു‌ടെ മറുഭാഗത്തേക്ക് കടത്തിവിടുന്നതിനാണു പുഷ്ത്രൂ കൽവർട്ട് നിർമിക്കുന്നത്. റെയിൽവേയും ഒരു കൽവർട്ട് നിർമിക്കും. ഇതിന് അനുമതി ലഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.

റവന്യു വിഭാഗം സർവേയിലൂടെ കണ്ടെത്തിയ സാലീസ് തോട്ടിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു. റവന്യു വകുപ്പ് കല്ലിടൽ പൂർത്തിയാക്കി. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ തുടർ നടപടി സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കും. തുടർ കയ്യേറ്റങ്ങളുണ്ടെങ്കിൽ അവയും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മുൻപ് നടത്തിയ ശ്രമം വിജയിച്ചില്ല
കളമശേരി ∙ മൂലേപ്പാടത്തെ വെള്ളക്കെട്ടു പരിഹരിക്കുന്നതിനു 10 വർഷം മുൻപ് വി.കെ.ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കെ പുഷ്ത്രൂ നിർമാണത്തിനു ശ്രമിച്ചിരുന്നു. ദേശീയപാതയ്ക്കടിയിലൂടെ ഒരു മീറ്ററോളം വ്യാസമുള്ള പൈപ്പുകൾ അ‌ടിച്ചുകയറ്റിയുള്ള നിർമാണമായിരുന്നു തുടങ്ങിവച്ചത്. അടിച്ചുകയറ്റിയ പൈപ്പുകളിലൊന്ന് മണ്ണിനടിയിൽ വിലങ്ങനെ വീണതോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായില്ല. നിർമാണ കരാർ ഏറ്റെടുത്ത കമ്പനി ശേഷിച്ച പൈപ്പുകളും ഉപേക്ഷിച്ചു ജോലി മതിയാക്കി പോവുകയായിരുന്നു. 45 ലക്ഷത്തോളം രൂപയാണ് അന്ന് ഇതിനായി ചെലവിട്ടത്. പരാജയപ്പെട്ട പദ്ധതിയുടെ ഓർമയായി ശേഷിച്ച പൈപ്പുകൾ ഇപ്പോഴും പദ്ധതിപ്രദേശത്തു കിടപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com