ADVERTISEMENT

കൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉടൻ പുനർനിർമിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ ടി.ജെ. വിനോദ് എംഎൽഎ ആവശ്യപ്പെട്ടു. ഒരു മഴ പെയ്താൽ മുട്ടോളം വെള്ളം കയറുന്ന ദുരവസ്ഥയിലാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. നിലവിലെ ബസ് സ്റ്റാൻഡിനു സമീപം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു പുതിയ ബസ് ടെർമിനൽ നിർമിക്കാൻ വൈറ്റില മൊബിലിറ്റി ഹബ്ബിനു കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് പണമനുവദിച്ചെങ്കിലും ഈ പദ്ധതി എവിടെയുമെത്താത്ത സ്ഥിതിയാണെന്ന് എംഎൽഎ പറഞ്ഞു. യോഗത്തിൽ എംഎൽഎ മുന്നോട്ടു വച്ച മറ്റ് ആവശ്യങ്ങൾ:
∙ കുറങ്കോട്ട– വടുതല പാലം: കുറങ്കോട്ട ദ്വീപിനെ പുറം ലോകവുമായി ബന്ധിപ്പിക്കാൻ ദേശീയ ജലപാതയല്ലാത്ത പുഴയ്ക്കു കുറുകെ വടുതലയിലേക്കു പാലം പണിയണം.
∙ താന്തോണിത്തുരുത്ത് ഔട്ടർബണ്ട്: വെള്ളം കയറുന്നതു തടയാനായി താന്തോണിത്തുരുത്തിൽ ഔട്ടർബണ്ട് കെട്ടണം. പദ്ധതി തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.

∙ വടുതല, അറ്റ്ലാന്റിസ് റെയിൽവേ മേൽപാലം: സ്ഥലമേറ്റെടുപ്പ് എത്രയും വേഗം പൂർത്തിയാക്കി റെയിൽവേ മേൽപാലം നിർമാണം എത്രയും വേഗം പൂർത്തിയാക്കണം.
∙ വടുതല– പേരണ്ടൂർ പാലം: പാലം നിർമിച്ച് എളമക്കര പേരണ്ടൂർ ഭാഗത്തെ വടുതലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണം.
∙ ഓപ്പറേഷൻ ബ്രേക്ക്ത്രൂ: കൃത്യമായ ആസൂത്രണവും മേൽനോട്ടവുമില്ലാതെയും ഫണ്ടിന്റെ അപര്യാപ്തതയും മൂലം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപ്പാക്കുന്ന പദ്ധതി പാളുന്നു. കൂടുതൽ ഫണ്ട് ലഭ്യമാക്കി, മെച്ചപ്പെട്ട ഏകോപനവും മേൽനോട്ടവും ഉറപ്പാക്കി പദ്ധതി പൂർത്തിയാക്കണം.
∙ പി ആൻഡ് ടി കോളനി പുനരധിവാസം: പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ച മുണ്ടംവേലിയിലെ കെട്ടിടം ചോർന്നൊലിക്കുകയാണ്. നിർമാണത്തിലെ അപാകതകൾ പരിഹരിക്കണം. ഇതിലെ അഴിമതി പുറത്തുകൊണ്ടുവരണം.

∙ കനാൽ പുനരുദ്ധാരണ പദ്ധതി: നഗരത്തിലെ 6 കനാലുകൾ പുനരുജ്ജീവിപ്പിക്കാനായി 1528.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
∙ ബണ്ടിന്റെ അവശിഷ്ടം നീക്കണം: കണ്ടെയ്നർ ടെർമിനലിലേക്കു റെയിൽവേ ലൈൻ നിർമിക്കാനായി കായലിൽ നിർമിച്ച ബണ്ടിന്റെ അവശിഷ്ടങ്ങൾ നീക്കി ജലമൊഴുക്കു പൂർവ സ്ഥിതിയിലാക്കണം.
∙ ചേരാനല്ലൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനു വേണ്ടി സ്പെഷൽ ഓഫിസറെ നിയോഗിക്കണം.
∙ കോന്തുരുത്തി പുഴയുടെ ഇരുവശങ്ങളിലെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കണം.
∙ ആലുവയിൽ 192 കോടി രൂപ ചെലവിൽ പുതിയ ജലശുദ്ധീകരണ ശാല സ്ഥാപിച്ചു നഗരത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കണം.

ചർച്ചയായി എംപിസി
മുഖ്യമന്ത്രി വിളിച്ചു ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരണവും ചർച്ചയായി. കൊച്ചി നഗരമേഖലയുടെ സമഗ്ര വികസനം മുൻനിർത്തി എംപിസി രൂപീകരിക്കണമെന്നു ടി.ജെ. വിനോദ് എംഎൽഎ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com