ADVERTISEMENT

ആലുവ∙ ദേശീയപാതയിലെ പറവൂർ കവലയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം മോട്ടർ വാഹന വകുപ്പ് നടപ്പാക്കിയ ഫ്രീ ലെഫ്റ്റ് സംവിധാനം വിജയം. പറവൂരിലേക്കു പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ നിന്ന് ഇടത്തോട്ടു തിരിയാൻ അവസരം കാത്ത് അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങളുടെ പിന്നിൽ കിടക്കേണ്ട ഗതികേടാണ് ഇതോടെ ഒഴിവായത്. ദീർഘകാലമായി ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യമാണിത്. റോഡരികിലെ കടകളുടെ മുന്നിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതു കൂടി കർശനമായി തടഞ്ഞാൽ മാത്രമേ ഇതിന്റെ പൂർണ പ്രയോജനം കിട്ടൂ. ഇവിടെ പൊലീസ് വച്ചിരുന്ന ‘നോ പാർക്കിങ്’ ബോർഡുകൾ വ്യാപാരിയും തൊഴിലാളികളും ചേർന്നു പിഴുതു മാറ്റിയതു വിവാദമായിരുന്നു.

വ്യാപാരിക്കെതിരെ കേസെടുക്കണമെന്നു ആവശ്യം ഉയരുന്നതിനിടെ വ്യാപാരിയെ ന്യായീകരിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ചാനലുകളിൽ അഭിമുഖം നൽകിയത് അതിനേക്കാൾ വിവാദമായി. മന്ത്രി പറഞ്ഞിട്ടു പൊലീസ് വച്ച ബോർഡുകളല്ല അതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം. തങ്ങളോട് ആലോചിച്ചിട്ടാണു വ്യാപാരി ബോർഡുകൾ മാറ്റിയതെന്നും പറഞ്ഞു. തൊട്ടു പിന്നാലെ, നോ പാർക്കിങ് ബോർഡുകളും റിബണുകളും നശിപ്പിച്ചതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു മോട്ടർ വാഹന വകുപ്പ് പൊലീസിൽ പരാതി നൽകിയത് ഉദ്യോഗസ്ഥനെ വെട്ടിലാക്കി. മോട്ടർ വാഹന വകുപ്പ് സ്വന്തം നിലയിൽ 3 പുതിയ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. മന്ത്രി കെ.ബി. ഗണേഷ് കുമാർ പറവൂർ കവല സന്ദർശിച്ചു ഫ്രീ ലെഫ്റ്റ് നടപ്പാക്കാൻ നിർദേശിച്ചതു മേയ് 24നാണ്. 

2022ൽ അന്നത്തെ ആലുവ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽകുമാർ ഇവിടെ 4 നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതു മാറ്റാൻ വ്യാപാരിയുടെ ഭാഗത്തു നിന്നു സമ്മർദം ഉണ്ടായെങ്കിലും പൊലീസ് വഴങ്ങിയില്ല. അനിൽകുമാർ കൊല്ലത്തേക്കു സ്ഥലം മാറിയതോടെ വീണ്ടും വാഹന പാർക്കിങ് തുടങ്ങി. പറവൂരിലേക്കു പോകാനുള്ളവർ മാത്രമല്ല, വിമാനത്താവള യാത്രക്കാർ അടക്കമുള്ളവർ കുരുക്കിൽ പെടുന്നതു പതിവായി. വാഹനങ്ങൾക്കു ഫ്രീ ലെഫ്റ്റ് തിരിയാൻ സൗകര്യപ്രദമായ വിധത്തിൽ മോട്ടർ വാഹന വകുപ്പ് റോഡിൽ വീപ്പകളും മറ്റും നിരത്തിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കാൻ കൂർത്ത കല്ലുകൾ നീക്കി, കുഴികൾ നികത്തി താൽക്കാലിക കോൺക്രീറ്റിങ്ങും നടത്തി.

ഇവിടെ ടാർ ചെയ്യുകയോ കോൺക്രീറ്റ് കട്ട വിരിക്കുകയോ ചെയ്താലേ സൗകര്യപ്രദമാകൂ. അനധികൃത വാഹന പാർക്കിങ് കർശനമായി തടയുകയും വേണം. നിർദേശങ്ങൾ ലംഘിച്ചാൽ 1,000 രൂപ പിഴ ചുമത്തുമെന്നു മോട്ടർ വാഹന വകുപ്പിന്റെ ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പറവൂർ കവലയിലെ ഫ്രീ ലെഫ്റ്റ് പരിഷ്കാരത്തിനൊപ്പം ദേശീയപാതയിൽ മുട്ടം മുതൽ മംഗലപ്പുഴ പാലം വരെ ലൈൻ ട്രാഫിക് തടസ്സപ്പെടുത്തരുതെന്നു മുന്നറിയിപ്പു നൽകുന്ന 10 ബോർഡുകളും മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. വലതു വശത്തെ ഫാസ്റ്റ് ട്രാക്കിലൂടെ ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നതു മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കു തടയാനാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com