പെരിയാറിലെ മത്സ്യക്കുരുതി: കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യം

Mail This Article
വരാപ്പുഴ ∙ പെരിയാറിലെ മത്സ്യദുരന്തത്തിൽ നഷ്ടം സംഭവിച്ച എല്ലാ മത്സ്യക്കർഷകർക്കും അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമക്കുടി പഞ്ചായത്തിനു മുന്നിൽ ധർണ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. വി.കെ.സുദേവൻ, എം.എൻ.വേദരാജ്, ഡെമിഷ് കടമക്കുടി എന്നിവർ പ്രസംഗിച്ചു.
വരാപ്പുഴ ∙ പെരിയാറിൽ മത്സ്യക്കുരുതിയിൽ നഷ്ടങ്ങൾ സംഭവിച്ച മത്സ്യകർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നു ആവശ്യപ്പെട്ടു കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി.
വരാപ്പുഴ, പിഴല, കടമക്കുടി, ചേരാനല്ലൂർ, ഏഴിക്കര, വീരൻപുഴ തീരമേഖല എന്നിവിടങ്ങളിൽ കൂടുമത്സ്യക്കൃഷി നടത്തുന്ന ഇരുന്നൂറോളം കർഷകർക്കാണു ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചത്. ഓരോരുത്തരുടെയും നഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും നിവേദനത്തിൽ നൽകിയിട്ടുണ്ട്. രാസമാലിന്യം പുഴയിലേക്കു ഒഴുക്കിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്നു പിഴ ഇൗടാക്കണം. തുടർന്നു ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാ സെക്രട്ടറി പി.ടി.സ്വപ്നലാൽ, വരാപ്പുഴ പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്.സ്വരൂപ്, സുസ്മിത സുനിൽ, കൂടു മത്സ്യക്കർഷകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണു നിവേദനങ്ങൾ നൽകിയത്.
മാർച്ച് നാളെ
വരാപ്പുഴ ∙ പെരിയാറിൽ രാസമാലിന്യം കലർന്നു നഷ്ടം സംഭവിച്ച മത്സ്യക്കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം ഉടൻ നൽകണമെന്നു ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ കലക്ടറേറ്റിലേക്കു മാർച്ച് നടത്തും. കൂടുമത്സ്യക്കൃഷി പുനരാരംഭിക്കുന്നതിനു പാക്കേജ് നൽകുക, രാസമാലിന്യം ഒഴുക്കിയ വ്യവസായ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുക, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനം സുതാര്യമാക്കുക, അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണു സമരക്കാർ ആവശ്യപ്പെടുന്നത്.