പുറയാർ മേൽപാലം: ടെൻഡർ നടപടികൾ ആരംഭിച്ചു

Mail This Article
നെടുമ്പാശേരി ∙ ദേശം–കാലടി റോഡിൽ പുറയാറിലെ ഗതാഗതക്കുരുക്കിന് ശാപമോക്ഷമാകുന്നു. ഇവിടെ മേൽപാലം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തു നിവാസികൾക്ക് ആലുവ, കാലടി എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ പുറയാർ ഗേറ്റ് അടച്ചിടുന്നത് സമയനഷ്ടവും ഗതാഗതക്കുരുക്കും മൂലം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. തിരുവൈരാണിക്കുളം ക്ഷേത്രോത്സവം, കാഞ്ഞൂർ പള്ളി തിരുനാൾ അവസരങ്ങളിലും പുറയാർ ഗേറ്റ് വലിയ തടസ്സമായി മാറിയിരുന്നു. യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ഇവിടെ മേൽപാലം നിർമിക്കുക എന്നത് പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അൻവർ സാദത്ത് എംഎൽഎയുടെ ശ്രമഫലമായി മേൽപാലത്തിന് 34.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
നിർമാണത്തിനുള്ള ടെൻഡർ റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ ഓഗസ്റ്റ് 24 ന് തുറന്ന് കരാർ നൽകും. നിർമാണ കാലാവധി 2 വർഷമാണ്. 626.84 മീറ്റർ നീളത്തിലും 10.15 മീറ്റർ വീതിയിലും പാലവും 290 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമാണ് നിർമിക്കുന്നത്. മേൽപാലം പൂർത്തിയാക്കിയാൽ കാലടി ഒഴിവാക്കി പാറപ്പുറം, വല്ലം കടവ് പാലം വഴി കുറഞ്ഞ സമയം കൊണ്ട് ആലുവയിൽ നിന്ന് പെരുമ്പാവൂരിലേക്കു പോകാം.