തീ തുപ്പി ബൈക്ക്; താൻ ചെന്നൈയിലാണെന്ന് ആദ്യ വിശദീകരണം, പിന്നാലെ ബൈക്ക് കണ്ടെടുത്തു

Mail This Article
കാക്കനാട് ∙ സൈലൻസറിൽ നിന്ന് തീ തുപ്പി പാഞ്ഞ ബൈക്ക് ഓടിച്ച യുവാവിനോട് വ്യാഴാഴ്ച ഹാജരാകാൻ ആർടിഒ കെ.മനോജ് നോട്ടിസ് നൽകി. ഒരാഴ്ച മുൻപ് രാത്രിയിലാണ് ഇടപ്പള്ളിയിൽ പ്രധാന റോഡിലൂടെ തീ പുറത്തേക്കു തള്ളി ബൈക്ക് പാഞ്ഞത്. ബൈക്കിന്റെ സൈലൻസറിൽ നിന്ന് തീ പുറത്തേക്ക് തള്ളുന്ന ദൃശ്യം പിന്നിലെ കാറിലുണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശി മനേഷ് വർഗീസ് വിഡിയോയിൽ പകർത്തുകയായിരുന്നു. ഇടപ്പള്ളിയിൽ നിന്ന് കളമശേരി വരെ ബൈക്കിന്റെ പിന്നിൽ കാറിൽ സഞ്ചരിച്ച മനേഷ് അപ്പോൾ തന്നെ കളമശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടായില്ല.

അങ്കമാലിയിൽ മറ്റൊരാവശ്യത്തിന് പോകവേ അവിടത്തെ ആർടി ഓഫിസ് ശ്രദ്ധയിൽപെട്ട മനേഷ്, ഉദ്യോഗസ്ഥർക്ക് തീ തുപ്പുന്ന ബൈക്കിന്റെ വിഡിയോ ദൃശ്യം കൈമാറിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ നോക്കി ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചപ്പോൾ മകനാണ് ബൈക്ക് ഉപയോഗിക്കുന്നതെന്ന് ഉടമ അറിയിച്ചു. മകന്റെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ താൻ ചെന്നൈയിലാണെന്നും സുഹൃത്താണ് ബൈക്ക് ഉപയോഗിച്ചതെന്നുമായിരുന്നു ആദ്യ വിശദീകരണം. കൂടുതൽ ചോദ്യം ചെയ്തപ്പോൾ താൻ തന്നെയാണ് ബൈക്ക് ഓടിച്ചതെന്ന് സമ്മതിച്ചു.
സംഭവത്തിനു ശേഷം സ്വകാര്യ ആവശ്യത്തിന് ചെന്നൈയിലേക്ക് പോകുകയായിരുന്നു.തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതിയാണ് ബൈക്ക് ഓടിച്ചതെന്നാണ് വിവരം. കൊച്ചിയിലെ താമസ സ്ഥലത്തു നിന്ന് ബൈക്ക് കണ്ടെടുത്തു. തീ തുപ്പി പാഞ്ഞ അതേ ദിവസം രാവിലെ മറൈൻഡ്രൈവ് ഭാഗത്ത് ഈ ബൈക്ക് എംവിഐമാർ കൈ കാണിച്ചെങ്കിലും നിർത്താതെ പോയെന്നും കണ്ടെത്തിയിട്ടുണ്ട്. രൂപമാറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു ബൈക്ക് തടയാൻ ശ്രമിച്ചത്.