അരൂർ– തുറവൂർ ഉയരപ്പാത: കുഴികൾ അടച്ച ഭാഗത്ത് വീണ്ടും കുഴികൾ

Mail This Article
അരൂർ∙ ഉയരപ്പാത നിർമാണ സ്ഥലത്തെ ദേശീയപാതയിൽ കിഴക്കു ഭാഗത്ത് ഏറെ കുഴികൾ രൂപംകൊണ്ട ഭാഗങ്ങളിൽ കോൺക്രീറ്റ് മിശ്രിതം നിറച്ച് ഉറപ്പിച്ചെങ്കിലും അവിടെയെല്ലാം വീണ്ടും കുഴികളായി. എരമല്ലൂരിൽ ഉറപ്പിച്ച സ്ഥലത്താണ് കുഴികൾ ഏറെയുള്ളത്. സർവീസ് റോഡിൽ ചെളി നിറഞ്ഞ സ്ഥലത്ത് മെറ്റലിട്ടെങ്കിലും പലഭാഗത്തും ഉറപ്പിച്ചിട്ടില്ല.ചന്തിരൂർ മേഴ്സി സ്കൂളിനു സമീപം പാതാളം പോലെയുള്ള കുഴികൾ ഇപ്പോഴും അടച്ചിട്ടില്ല. ഇവിടെ രാത്രിയിൽ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. പകൽ വാഹനങ്ങൾ നിരങ്ങി നീങ്ങുന്നതിനാൽ വാഹനങ്ങളുടെ ചക്രങ്ങളെല്ലാം പാതാളക്കുഴികളിൽ ചാടിയാണ് മുന്നോട്ട് നീങ്ങുന്നത്. പലഭാഗങ്ങളിലും കുഴിയും വെള്ളക്കെട്ടും പഴയപടി തന്നെ തുടരുകയാണ്.

5 ദിവസം തുടർച്ചയായി റോഡിന്റെ കിഴക്കു ഭാഗത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ ടാറിങ് ആരംഭിക്കാനും കഴിഞ്ഞിട്ടില്ല.ഉയരപ്പാത നിർമാണ സ്ഥലത്ത് കൂമ്പാരം പോലെ കിടക്കുന്ന ചെളി അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ മഴയിൽ ചെളിവെള്ളം റോഡിലേക്ക് ഒഴുകും.കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ വീണ്ടും തകരും. സ്കൂൾ കുട്ടികളാണു ഏറെ ക്ലേശിക്കുന്നത്. പാതയുടെ ഇരുവശങ്ങളിലുമായി 10 സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പുതുതായി നിർമിച്ച കാനകൾ ,നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്ര വാഹനങ്ങൾ തട്ടി തകർന്നിരിക്കുന്നു. ഇതിനിടെ, ചെളിവെള്ളം ചന്തിരൂർ പുത്തൻതോട്ടിലേക്കു ഒഴുക്കുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ചന്തിരൂരിൽ ഇന്ന് പ്രക്ഷോഭം
ഉയരപ്പാത നിർമാണം മൂലം ജനങ്ങളെ ബന്ദികളാക്കിയ കരാർ കമ്പനിക്കെതിരെയും , ദേശീയപാത അതോറിറ്റിക്കെതിരെയും ഇന്ന് ചന്തിരൂരിൽ പ്രക്ഷോഭം നടത്തും.ജനകീയ സമിതിയുടെ നേതൃത്വത്തിലാണിത്. രാവിലെ 9ന് ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപം ചേരുന്ന സമ്മേളനം റിട്ട.ജില്ലാ ജഡ്ജി എം.ലീലാമണി ഉദ്ഘാടനം ചെയ്യും.ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന കോഓർഡിനേറ്റർ പി.ടി.ശ്രീകുമാർ പ്രസംഗിക്കും.സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ചന്തിരൂരിലെ വ്യാപാരികൾ ഇന്ന് ഉച്ചവരെ കടകൾ അടച്ച് സമരത്തിൽ പങ്കെടുക്കും.പ്രകടനവും ഉണ്ടാകും.
അമിക്കസ് ക്യൂറി ഇടക്കാല റിപ്പോർട്ട് നൽകി
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ദുരിതം സംബന്ധിച്ച വിഷയങ്ങളിൽ ഹൈക്കോടതി നിർദേശ പ്രകാരം തുടർ നടപടികൾക്കായി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ. എസ്.വിനോദ് ഭട്ട് പ്രശ്നസ്ഥലം സന്ദർശിച്ച ശേഷം ഇടക്കാല റിപ്പോർട്ട് കോടതിക്കു കൈമാറി. ഇന്നലെയും എസ്.വിനോദ് ഭട്ട് അരൂരിൽ ദേശീയപാത സന്ദർശിക്കാനെത്തിയിരുന്നു. ദേശീയപാതയോരത്ത് താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് ഇടക്കാല റിപ്പോർട്ടിന്റെ ലക്ഷ്യം. മുന്നിലെ വാഹനങ്ങളെ മറികടക്കാൻ സാധ്യതയില്ലാത്ത വിധത്തിൽ ഗതാഗതയോഗ്യമായ റോഡ് ഇരുവശവും അതിര് തിരിച്ച് നിർമിക്കണമെന്ന് കരാർ കമ്പനി അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അടിയന്തര സഞ്ചാര മാർഗങ്ങൾ ഒരുക്കുകയും വേണം. കാൽനടയാത്രയ്ക്ക് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ പാതയായി തന്നെ നിർമിക്കണം.കാൽനടപ്പാതയുടെ ജോലികൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.സ്കൂളുകളിലേക്കു പോകുന്ന കുട്ടികൾ ബസുകളിൽ കയറാൻ ചെളിവെള്ളത്തിലൂടെ നടക്കുന്ന കാഴ്ചയും അദ്ദേഹം കണ്ടു. ട്രാഫിക് ബ്ലോക്ക് ഇല്ലാതാക്കാൻ ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് പ്രശ്നം പരിഹരിക്കണം. 3.5 മീറ്റർ വീതിയിൽ വാഹന ഗതാഗതയോഗ്യമായ റോഡ് സ്ഥാപിക്കാനുള്ള ജോലിയാണു ഇനി തുടങ്ങാനുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.