ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമാണം: ജൂലൈ 15 മുതൽ ഗതാഗത നിയന്ത്രണം
Mail This Article
കൊച്ചി∙ കെഎംആർഎല്ലിന്റെ നേതൃത്വത്തിൽ ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമാണത്തിന്റെ ഭാഗമായി കനാലിന്റെ വീതിയും ആഴവും വർധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പാലം പുനർനിർമാണത്തിന്റെ ഭാഗമായി പൈലിങ് ജോലികൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് ജൂലൈ 15 മുതൽ നിയന്ത്രണം ഏർപ്പെടുത്തും. കാൽനട യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷയെ കരുതി, 15 മുതൽ അത്യാവശ്യ സർവീസ് ഒഴികെയുള്ള ഗതാഗതത്തിന് പൂർണമായി നിരോധനം ഏർപ്പെടുത്തും.
ചിലവന്നൂർ ഭാഗത്തുനിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും പോകണം. ഭാരവാഹനങ്ങൾ കെ.പി.വള്ളോൻ റോഡ് വഴി ചിലവന്നൂർ ഭാഗത്തേക്ക് പോകണം. തൈക്കൂടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ജനതാ റോഡ് അല്ലെങ്കിൽ ബൈപ്പാസ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ചിലവന്നൂർ ഭാഗത്തേക്കും പോകണ്ടതാണ്. നിർമാണ പ്രവർത്തനങ്ങൾ തീരുന്നതു വരെ ഈ മേഖലയിൽ മേൽപ്പറഞ്ഞ രീതിയിൽ ഗതാഗതം വഴിതിരിച്ചുവിടും.