ADVERTISEMENT

മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിൽ പനി വ്യാപകമായതോടെ ആശുപത്രികളിൽ രോഗികൾ തിങ്ങിനിറഞ്ഞു. തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ അഞ്ഞൂറോളം പനി ബാധിതരാണ് ചികിത്സ തേടി എത്തിയത്. കോതമംഗലം, പൈങ്ങോട്ടൂർ, പോത്താനിക്കാട്, കവളങ്ങാട്, ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെല്ലാം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തുന്നുണ്ട്. രോഗികൾ വർധിക്കുമ്പോഴും ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒപിയിൽ രോഗികൾ മണിക്കൂറുകൾ നീളുന്ന വരി നിൽക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട് വൈകിട്ട് അത്യാഹിത വിഭാഗത്തിലും പനിബാധിതർ വലിയ തോതിൽ ചികിത്സ തേടി എത്തുന്നുണ്ട്. എന്നാൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്. ഇതുമൂലം രോഗികൾ ദീർഘനേരം വരി നിൽക്കേണ്ടി വരുന്ന സാഹചര്യം ഉണ്ട്. 

പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ ആശുപത്രിയിൽ പനി ക്ലിനിക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നു ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു പറഞ്ഞു. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ അത്യാഹിത വിഭാഗത്തിലേക്ക് വാർഡ് ഡ്യൂട്ടിയിലുള്ള ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കിഴക്കൻമേഖലയിൽ ഒരു മാസത്തിനിടെ ഇരുപതോളം പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ആശുപത്രിയിൽ പനി ബാധിതരായി എത്തുന്നവരിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾ ഉള്ളവരും ഉണ്ട്. സ്വകാര്യ ആശുപത്രികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വാഴപ്പിള്ളി ചാരീസ്, സെന്റ് ജോർജ് ആശുപത്രി, നിർമല മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും വലിയ തോതിൽ ഡെങ്കിപ്പനി ബാധിതർ എത്തി.

പിറവം∙ഇടവിട്ടു തുടരുന്ന മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം മേഖലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. താലൂക്ക് ആശുപത്രിയിൽ മാത്രം ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിൽ 3 ഇരട്ടിയോളം വർധന ഉണ്ട്. ഇതോടൊപ്പം ഡെങ്കിപ്പനിയും പടരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കരക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി നിരക്ക് ഉയർന്നതോടെ സ്കൂളുകളിൽ ഹാജർനില കുറഞ്ഞു.ചില സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു. പനിയോടൊപ്പം ശരീര വേദനയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെടുന്നതായി രോഗികൾ പറഞ്ഞു. കൊതുകു പെരുകുന്നതാണു ഡെങ്കിപ്പനിക്കു കാരണമായി അധികൃതർ പറയുന്നത്. 

റബർ തോട്ടങ്ങളിലെ ചിരട്ടകളിലും, ഉപയോഗശൂന്യമായ പാത്രങ്ങളിലും കെട്ടി നിൽക്കുന്ന മലിനജലത്തിൽ രോഗവാഹികളായ കൊതുകകളുടെ ലാർവകൾ പെരുകുന്നതു മൂലമാണിത്.റബർ തോട്ടങ്ങളും,പൈനാപ്പിൾ കൃഷിയും ഏറെയുള്ള കിഴക്കൻ മേഖലയിൽ ജാഗ്രത വേണമെന്നാണ് നിർദേശം. എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും പ്രാരംഭ ലക്ഷണങ്ങൾ ഒരു പോലെയാണ്. ഇതിനാൽ ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കണം.കടുത്ത പനിക്കു പുറമേ ശരീരവേദനയും, വിശപ്പില്ലായ്മയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. രോഗിയുടെ രക്തത്തിലെ പ്ലേറ്റ‌്‌ലറ്റുകൾ കുറയുന്നതാണ് ഡെങ്കിപ്പനിയുടെ അപകടം. വിദഗ്ധ പരിശോധനയിലൂടെ സ്ഥിരീകരിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com