കാലടി പട്ടണത്തിൽ ശുദ്ധജലം കിട്ടിയിട്ട് 3 ദിവസം
Mail This Article
കാലടി∙ പട്ടണത്തിൽ ശുദ്ധജലം കിട്ടിയിട്ട് 3 ദിവസം. അങ്കമാലി വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണത്തെയാണ് കാലടി പട്ടണവാസികൾ ശുദ്ധജലത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. കൈപ്പട്ടൂർ ഭാഗത്ത് പൈപ്പ് പൊട്ടിയതു കൊണ്ടാണ് ശുദ്ധജല വിതരണം മുടങ്ങിയത് എന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ 3 ദിവസമായിട്ടും ഇതു നന്നാക്കിയിട്ടില്ല. കാലടിയിലെ ആശ്രമം റോഡിലും മറ്റു മിക്ക വീടുകളിലും കിണറുകളില്ല.
അയൽപക്കത്തെയും ബന്ധുക്കളുടെയും വീടുകളെയാണ് പലരും ആശ്രയിക്കുന്നത്. കാലടി ഭാഗത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളിലേ വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം ലഭിക്കുകയുള്ളു. അതിനാൽ ഒരു ദിവസം വെള്ളം മുടങ്ങിയാൽ തന്നെ ജനങ്ങൾ ദുരിതത്തിലാകും. ശുദ്ധജല വിതരണ പൈപ്പ് നന്നാക്കിയാൽ അന്നുതന്നെ കാലടിയിലേക്ക് വെള്ളം കിട്ടണമെന്നുമില്ല. കാലടിയിൽ പലപ്പോഴും ശുദ്ധജലം മുടങ്ങുന്നുവെന്നു നാട്ടുകാർ പറഞ്ഞു. എപ്പോൾ പരാതിപ്പെട്ടാലും പൈപ്പ് പൊട്ടി എന്ന മറുപടിയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.