ADVERTISEMENT

കൊച്ചി∙ കുട്ടമ്പുഴ – വടാട്ടുപാറ റോഡിലെ ബംഗ്ലാവ് കടവ് പാലത്തിന്റെ നിർമാണം പ്രദേശത്തെ ജനങ്ങളുടെ ജീവനാഡിയായി കണ്ട് പാലത്തിന്റെ പണി കാലതാമസമില്ലാതെ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശം നൽകിയത്. പാലം വന്നാൽ ഇടമലയാർ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി പ്രദേശത്തേക്ക് പോകാൻ എളുപ്പമാണ്. പാലം നിർമിക്കണമെന്ന ആവശ്യത്തിന് 40 വർഷത്തെ പഴക്കമുണ്ടെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 5 വാർഡുകൾ ഉൾപ്പെട്ട വടാട്ടുപാറ പ്രദേശത്തെ ജനങ്ങൾക്ക് കുട്ടമ്പുഴയിലെത്താൻ 30 കിലോമീറ്റർ യാത്ര ചെയ്യണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാവ് കടവ് ഭാഗത്ത് പുഴയ്ക്ക് കുറുകെ പാലമില്ലാത്തതാണ് കാരണം. പാലം നിർമിച്ചാൽ 5 കിലോമീറ്റർ കൊണ്ട് കുട്ടമ്പുഴയിലെത്താം. ഇടമലയാർ താളുങ്കണ്ടം ട്രൈബൽ കോളനി, പൊങ്ങും ചുവട് ട്രൈബൽ കോളനി എന്നിവിടങ്ങളിൽ നിന്നും കുട്ടമ്പുഴയിലെത്താനും പാലം അനിവാര്യമാണ്. 

ബംഗ്ലാവ് കടവ് പാലത്തിന്റെ ഭാഗവും വടാട്ടുപാറ – ഇടമലയാർ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ഭാഗവും വനംവകുപ്പിന്റെ അധീനതയിലായതിനാൽ ഇവിടെ സർവേ നടത്താൻ തുണ്ടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ അനുമതി ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ കമ്മിഷനെ അറിയിച്ചു. പാലം നിർമിക്കാനുള്ള അനുമതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ബന്ധപ്പെട്ടെങ്കിലും അനുമതി നൽകിയില്ലെന്ന് പൊതുമരാമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, പാലം നിർമിക്കാൻ നിർദേശിച്ചിട്ടുള്ള സ്ഥലങ്ങൾ വനം പരിസ്ഥിതി വകുപ്പിന്റെ അധികാര പരിധിയിലുള്ളതല്ലെന്ന് പരാതിക്കാരനായ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡന്റ് ഷാജി പയ്യാനിക്കൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. പാലത്തിന്റെ രണ്ടു ഭാഗങ്ങളും പൊതുമരാമത്ത് റോഡുകളാണെന്നും റിപ്പോർട്ടിലുണ്ട്. മുൻപ് ഇതുവഴി കടത്തുവള്ളങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടങ്ങൾ ഉണ്ടായതോടെ സർവീസ് മുടങ്ങിയെന്നും പരാതിക്കാരൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com