ADVERTISEMENT

ആലുവ∙ നഗരത്തിലും ദേശീയപാതയിലും നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും അതു പരിഹരിക്കുന്നതിനുള്ള ബദൽ നിർദേശങ്ങളും സജീവ ചർച്ചയാകുമ്പോഴും അനധികൃത വാഹന പാർക്കിങ് തടയാൻ പൊലീസ് നടപടി എടുക്കുന്നില്ലെന്ന പരാതി വ്യാപകം. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആലുവ സന്ദർശനവും അൻവർ സാദത്ത് എംഎൽഎയുടെ നിയമസഭാ സബ്മിഷനുകളുമാണ് ഗതാഗതക്കുരുക്കിനെ കുറിച്ചുള്ള ചർച്ചകൾക്കു വീണ്ടും ജീവൻ പകർന്നത്. പറവൂർ കവലയിൽ 2022ൽ പൊലീസ് സ്ഥാപിച്ച നോ പാർക്കിങ് ബോർഡുകൾ പിഴുതെറിഞ്ഞിട്ടും കേസെടുക്കാത്ത പൊലീസ് നഗരത്തിൽ മറ്റിടങ്ങളിലെ നോ പാർക്കിങ് ബോർഡുകൾക്കു താഴെ വാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്യുന്നതും കണ്ടില്ലെന്നു നടക്കുന്നു എന്നാണ് ആക്ഷേപം. എലിവേറ്റഡ് ഹൈവേയോ സമാന്തര പാലമോ വന്നാലും റോഡിന്റെ വശങ്ങളിലെ അനധികൃത പാർക്കിങ് തടയാതെ നഗരം ഗതഗതക്കുരുക്കിൽ നിന്നു മോചനം നേടില്ല എന്നു കരുതുന്നവരുണ്ട്. 

പൊലീസ് സ്ഥാപിച്ച നോ പാർക്കിങ് ബോർഡുകളുടെ ചുവട്ടിൽ ഇട്ടിട്ടു പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിനെതിരെ നഗരസഭാധ്യക്ഷൻ എം.ഒ.ജോൺ അടുത്തിടെ പൊലീസ് സ്റ്റേഷനിൽ നേരിട്ടു ചെന്നു പ്രതിഷേധിച്ചിരുന്നു. നടപടി എടുക്കുന്നില്ലെങ്കിൽ നിങ്ങൾ സ്ഥാപിച്ച നോ പാർക്കിങ് ബോർഡ് എടുത്തു മാറ്റാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നാണ് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടത്. തുടർന്നു കുറച്ചു സ്ഥലത്തു പരിശോധന നടന്നെങ്കിലും താമസിയാതെ നിലച്ചു. മോട്ടർ വാഹന വകുപ്പ് ഫ്രീ ലെഫ്റ്റ് സംവിധാനം നടപ്പാക്കിയതോടെ ആലുവയിൽ നിന്നു പറവൂരിലേക്കു പോകേണ്ട വാഹനങ്ങളുടെ സഞ്ചാരം സുഗമമായെങ്കിലും ഭാരവാഹനങ്ങൾ ലൈൻ ട്രാഫിക് തെറ്റിച്ചു നിരന്നു കിടക്കുന്നതു മൂലം അങ്കമാലി ഭാഗത്തു നിന്ന് ആലുവയിലേക്കു വരുന്നവർ പലപ്പോഴും ബുദ്ധിമുട്ടുന്നു. 

ആലുവ–അങ്കമാലി റോഡിൽ ചെയ്തതു പോലെ അങ്കമാലി–ആലുവ റോഡിലും പറവൂർ കവല എത്തുന്നതിനു മുൻപു വീപ്പകൾ നിരത്തിയാൽ പറവൂർ ഭാഗത്തേക്കു തിരിയാനുള്ള വാഹനങ്ങൾ മൂലമുള്ള ഗതാഗതം തടസ്സം ഇല്ലാതാകും. പച്ച സിഗ്നൽ തെളിഞ്ഞാലും വാഹനം മുന്നോട്ടെടുക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ. പറവൂർ കവലയിൽ നിന്ന് ഇടതുവശത്തെ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ തോട്ടയ്ക്കാട്ടുകരയിൽ വലത്തോട്ടു തിരിഞ്ഞു ദേശീയപാതയിൽ കയറുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മണപ്പുറം ഭാഗത്തേക്കു തിരിയാനുള്ള വാഹനങ്ങൾ മാത്രമേ ഇതിലെ പോകാവൂ എന്നാണ് നിർദേശം. അതു ലംഘിക്കുന്നവരെ പിടികൂടി പൊലീസ് പിഴ അടപ്പിച്ചിരുന്നെങ്കിലും പിന്നീടു നിന്നു. തോട്ടയ്ക്കാട്ടുകര കവലയിലും ഫ്രീ ലെഫ്റ്റ് നടപ്പാക്കണമെന്നു മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com