വിജയം കനാലിനു കുറുകെയുള്ള മൂന്ന് പാലങ്ങൾ അപകടാവസ്ഥയിൽ

Mail This Article
ചെല്ലാനം∙ വിജയം കനാലിനു കുറുകെയുള്ള മൂന്ന് പാലങ്ങൾ അപകടാവസ്ഥയിൽ. ചെറുതും വലുതുമായി ഇരുപതിലേറെ പാലങ്ങളാണ് വിജയം കനാലിനു കുറുകേയുള്ളത്. ഇതിൽ ഗൊണ്ടുപറമ്പ് പഴയ പാലം, മറുവക്കാട് ക്ഷേത്രം പാലം, കണ്ടക്കടവ് പി ഡബ്ല്യു ഡി പാലം എന്നിവയാണ് അപകടാവസ്ഥയിലുള്ളത്. ചെല്ലാനം കാർഷിക ടൂറിസം സൊസൈറ്റി തയാറാക്കിയ വിജയം കനാൽ പഠന റിപ്പോർട്ടിലും പാലങ്ങളുടെ അപകടാവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.

മറുവക്കാട് ക്ഷേത്രം പാലം
സമാന അവസ്ഥ തന്നെയാണ് 12-ാം വാർഡിലെ മറുവക്കാട് ക്ഷേത്രം പാലത്തിന്റെയും. കാറുകൾ പോലെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന ഈ പാലം, ഉപ്പു കയറി ദ്രവിച്ചു തകർന്നു തുടങ്ങി. അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു പോയതോടെ തുരുമ്പെടുത്ത കമ്പികൾ പുറത്തു കാണാം. നൂറിലേറെ കുടുംബങ്ങളുടെ ഏക യാത്രാമാർഗമാണ് ഈ പാലം.
പി ഡബ്ല്യു ഡി പാലം
കണ്ടക്കടവിലെ പ്രധാന റോഡിലെ പി ഡബ്ല്യു ഡി പാലമാണ് അപകടാവസ്ഥയിലുള്ള മറ്റൊരെണ്ണം. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ട്. ഇതേത്തുടർന്ന്, പാലം അപകടത്തിലാണ് എന്ന ബോർഡ് പി ഡബ്ല്യു ഡി സ്ഥാപിച്ചിട്ടുണ്ട്. ചെല്ലാനത്തുകാരുടെ പ്രധാന യാത്രാമാർഗങ്ങളായ ഈ പാലങ്ങൾ പുനർനിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഗൊണ്ടുപറമ്പ് പാലം
14-ാം വാർഡിലെ ഗൊണ്ടുപറമ്പ് പാലം മുതുകുപുറം നിവാസികളുടെ പ്രധാന യാത്രാമാർഗമാണ്. ഏകദേശം 250 കുടുംബങ്ങളാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. എന്നാൽ, പാലത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. പാലത്തിന്റെ പല ഭാഗവും ഉപ്പെടുത്ത് ദ്രവിച്ചു തകർന്നതോടെ ബലക്ഷയം നേരിടുന്നു. മാത്രമല്ല, പാലത്തിന്റെ പലഭാഗത്തും കൈവരികളും മറ്റും കാലപ്പഴക്കം മൂലം ഇല്ലതായി.