റേഷൻകടയ്ക്കു നേരെ വീണ്ടും ഒറ്റയാൻ; ഇത് നാലാം തവണ

Mail This Article
അയ്യമ്പുഴ ∙ കാലടി പ്ലാന്റേഷൻ പോസ്റ്റ് ഓഫിസ് ജംക്‌ഷനിലെ റേഷൻകടയ്ക്കു നേരെ ഒറ്റയാന്റെ ആക്രമണം. കടയുടെ മുൻഭാഗം തകർത്തു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ വൈദ്യുതവേലി തകർത്താണ് കാട്ടാന കടയുടെ അടുത്തെത്തിയത്. കടയുടെ മുൻവശത്തെ ഷെഡ് തകർത്തു. ഇഷ്ടികയിൽ തീർത്ത തൂണുകളും ആസ്ബസ്റ്റോസും താഴെ വീണു. കടയുടെ ഷട്ടർ പൊളിക്കാത്തതിനാൽ അരിച്ചാക്കുകൾക്കു നാശമില്ല. പുലർച്ചെയാണു കാട്ടാനയെ കാടുകയറ്റാനായത്. റേഷൻകടയുടെ സമീപത്തുള്ള ഭക്ഷണശാലയിൽ ഉള്ളവരാണ് കാട്ടാന ഇറങ്ങിയ വിവരം നാട്ടുകാരെ അറിയിച്ചത്. കണ്ണിമംഗലം സ്വദേശി എ.ടി.മോഹനനാണ് കടയുടെ ലൈസൻസി. നാലാമത്തെ പ്രാവശ്യമാണ് ഈ റേഷൻകടയ്ക്കു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. മുൻപും ആസ്ബസ്റ്റോസും മറ്റും കാട്ടാന തകർത്തിട്ടുണ്ട്. വൈദ്യുതവേലിയിൽ മരക്കൊമ്പുകളിട്ട് വൈദ്യുതബന്ധം വിഛേദിച്ച ശേഷമാണ് കാട്ടാന കടയുടെ അടുത്തേക്ക് എത്തുന്നത്.