ADVERTISEMENT

കളമശേരി ∙ നഗരസഭാ പരിധിയിൽ അനധികൃതമായി പരസ്യബോർ‍‍ഡുകളും ഫ്ലെക്സുകളും സ്ഥാപിച്ചവർക്കെതിരെ നഗരസഭ കർശന നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി എയർടെൽ ടെലിസോണിക് നെറ്റ് വർക് ലിമിറ്റഡിനു 1,43,22,000 രൂപയും ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡിന് 1,20,12,000 രൂപയും പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകി. ഇവരെക്കൂടാതെ ഒട്ടേറെ പേർക്ക് പിഴ ഈടാക്കുന്നതിനു നോട്ടിസ് നൽകിയിട്ടുണ്ടെന്നു നഗരസഭാധികൃതർ അറിയിച്ചു, ജിയോയുടെ 2,184 ബോർഡുകളും എയർടെലിന്റെ 2,604 ബോർഡും നഗരസഭാ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെന്നു നഗരസഭ നൽകിയ നോട്ടിസിൽ പറയുന്നു. 

ഓരോ ബോർഡിനും 5,000 രൂപ വീതം പിഴയും അവ അഴിച്ചുമാറ്റുന്നതിനുള്ള ചെലവും അടക്കമാണ് പിഴയിട്ടിരിക്കുന്നത്. 3 ദിവസത്തിനകം പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ബോർഡുകൾ സ്ഥാപിച്ചതിനെതിരെ പ്രോസിക്യൂഷൻ ന‌ടപടികൾ സ്വീകരിക്കുമെന്നും നോട്ടിസിൽ അറിയിച്ചിട്ടുണ്ട്. ജൂൺ 19ലെ ഹൈക്കോടതി ഉത്തരവിന്റെയും 2023 നവംബർ 21ലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സർക്കുലറിന്റെയും അടിസ്ഥാനത്തിലാണു നഗരസഭയുടെ നടപടി.

അനധികൃത ബോർഡുകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ച കളമശേരി മേത്തർ നഗറിലെ ജോർജ് ജോൺ കോടതി നിർദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കോർപറേഷൻ, നഗരസഭാ സെക്രട്ടറിമാർക്കും സമീപ പഞ്ചായത്തുകൾക്കും അഡീഷനൽ ചീഫ് സെക്ര‌ട്ടറിക്കും കത്തു നൽകിയിരുന്നു. പഞ്ചായത്തുകളിൽ ഓരോന്നിലും ശരാശരി 2,500 വീതവും നഗരസഭകളിൽ ഒരു ലക്ഷം വീതവും കോർപറേഷനുകളിൽ 2 ലക്ഷം വീതവും അനധികൃത ബോർഡുകളും ഡിസ്പ്ലേകളുമായുണ്ട്. ഇവയ്ക്കെതിരെ പിഴ ഈടാക്കിയാൽ സംസ്ഥാനത്തിനു 6,437 കോടി രൂപ ലഭിക്കുമെന്നും ജോർജ് ജോൺ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിന്റെ 20 ശതമാനം ശേഖരിച്ചാൽ 25,000 വീട് നിർമിച്ചു നൽകാൻ കഴിയുമെന്നും വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ അനധികൃത ബോർഡുകൾക്കും ഫ്ലെക്സുകൾക്കും എതിരെ 3 ആഴ്ചയ്ക്കുള്ളിൽ സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും അറിയിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും ജോർജ് ജോൺ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com