കിണറിനു ചുറ്റും 25ലേറെ കാട്ടാനകൾ: കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന കരകയറ്റി
Mail This Article
മലയാറ്റൂർ∙ ഇല്ലിത്തോട് വനാതിർത്തിയിലുള്ള വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ, അമ്മയാന രക്ഷിച്ചു കാട്ടിലേക്ക് കൊണ്ടുപോയി. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും നോക്കി നിൽക്കെയാണ് അമ്മ കുട്ടിയാനയുമായി കാടണഞ്ഞത്.ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ പണ്ടാല സാജുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലർച്ചെ കാട്ടാനക്കുട്ടി വീണത്. ആനകളുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ സാജു കണ്ടത് 25ലേറെ കാട്ടാനകളെയാണ്.സാജുവും ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബം പേടിച്ച് ടെറസിനു മുകളിൽ അഭയം പ്രാപിച്ചു. വിവരം അറിഞ്ഞു നാട്ടുകാർ എത്തി തുടങ്ങിയപ്പോൾ കാട്ടാനകൾ പലവഴിക്കു പിരിഞ്ഞു പോയി.
എന്നാൽ ഒരു കൊമ്പൻ റോഡിലും പിടിയാന കിണറിനു സമീപവും നിലയുറപ്പിച്ചു. റോഡിൽ നിന്ന കൊമ്പനാനയെ ആളുകൾ ഓടിച്ചു. കിണറിനു സമീപം നിന്ന പിടിയാന പിൻകാൽ കൊണ്ടു മണ്ണിടിച്ചു താഴേക്ക് ഇട്ട്, പിൻകാൽ കിണറിലേക്കു താഴ്ത്തി കുട്ടിയാനയെ കരയ്ക്ക് കയറ്റുകയായിരുന്നു.പിടിയാനയുടെ രക്ഷാ പ്രവർത്തനം രാവിലെ 7 മണിയോടെ കഴിഞ്ഞുവെങ്കിലും രോഷാകുലരായ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് റോഡ് ഉപരോധിച്ചു. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ശല്യത്തിന് കലക്ടറും ഡിഎഫ്ഒയും സ്ഥലത്ത് വന്ന് ശാശ്വത പരിഹാരത്തിനുള്ള നടപടി എടുക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.
പൊലീസും വനം വകുപ്പ് എസിഎഫ് ആർ.ഡെൽറ്റോ എൽ.മറോക്കിയും ആവശ്യപ്പെട്ടിട്ടും ജനങ്ങൾ പിരിഞ്ഞുപോയില്ല.പിന്നീട് ഉച്ചയോടെ സബ് കലക്ടർ കെ.മീര സ്ഥലത്തെത്തി സംസാരിക്കുകയും അടിയന്തര നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തതിനു ശേഷമാണ് ഉപരോധം അവസാനിച്ചത്. സമരത്തെ തുടർന്ന് 6 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പാവൂർ എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ പൊലീസ് സേനയും ആലുവ തഹസിൽദാർ രമ്യ എം നമ്പൂതിരിയും സ്ഥലത്തുണ്ടായിരുന്നു.