ADVERTISEMENT

അരൂർ∙ തുറവൂർ– അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതപ്രശ്നങ്ങൾ കുറയ്ക്കാൻ ആരംഭിച്ച കിഴക്കേ റോഡിന്റെ പണികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു. ഇവിടെ സിംഗിൾ ലൈൻ ട്രാഫിക് ആണ് അനുവദിക്കുക. പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാര യോഗ്യമാക്കാൻ നിർമാണ ജോലികൾ ആരംഭിച്ചു. ഈ റോഡിലൂടെയുളള വലിയ വാഹനങ്ങളുടെ ഗതാഗതം തടയും. വരുന്ന രണ്ടു ദിവസങ്ങൾ അവധി ആയതിനാൽ അത് പരമാവധി ഉപയോഗപ്പെടുത്തി റോഡ് സഞ്ചാര യോഗ്യമാക്കുന്ന ജോലികൾ നടത്താനാണ് കലക്ടർ അലക്സ് വർഗീസ് ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായത്. 

കലക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ഡപ്യൂട്ടി കലക്ടർ എസ്. ബിജു, പൊതുമരാമത്ത്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കരാർ കമ്പനി ഉദ്യോഗസ്ഥരും ഇന്നലെ വൈകിട്ട് ഉയരപ്പാത നിർമാണ സ്ഥലത്തെ ദേശീയപാത സന്ദർശിച്ചു. അരൂർ പഞ്ചായത്ത് പരിധിയിൽ സംഘം എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, പഞ്ചായത്ത് അംഗങ്ങൾ, ജനകീയ സമിതി ഭാരവാഹികൾ, എന്നിവരും അടിയന്തരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. പടിഞ്ഞാറു ഭാഗത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നതു മൂലം വിദ്യാലയങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറയ്ക്കും.നിലവിൽ രണ്ടു ദിവസത്തേക്കാണ് പടിഞ്ഞാറ് ഭാഗത്തെ റോഡ് ഗതാഗതം തടസ്സപ്പെടുത്തുക.

തുറവൂരിൽ നിന്നും അരൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പണി പൂർത്തിയാക്കിയ കിഴക്കേ റോഡിലൂടെ സിങ്കിൽ ലൈനായി വടക്കോട്ട് പോകാൻ അനുവദിക്കും. നിലവിൽ അരൂരിൽ നിന്നും തുറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിലവിൽ ക്രമീകരിച്ചിട്ടുള്ളതു പോലെ അരൂർ ക്ഷേത്രം കവലയിൽ നിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. ദീർഘദൂര ഭാരമേറിയ വാഹനങ്ങൾ പരമാവധി ഈ കാലയളവിൽ തുറവൂർ അരൂർ ഹൈവേ ഭാഗത്തേക്ക് വരാതിരിക്കാനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

കണ്ടെയ്നർ ഉൾപ്പെടെയുള്ള കൊല്ലം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് തന്നെ എം സി റോഡ് വഴിതിരിച്ചു വിടുന്നതിന് നടപടി സ്വീകരിക്കും. ആലുവ റൂറൽ എസ്പിക്കു ഇത് സംബന്ധിച്ച നിർദേശം ജില്ല കലക്ടർ നൽകിയിട്ടുണ്ട്. ഇതല്ലാതെ എത്തുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് തൃപ്പൂണിത്തുറ വഴി എംസി റോഡിലേക്കൊ, വൈക്കം വഴിയോ പോകാൻ ക്രമീകരണം ഏർപ്പെടുത്തും. തെക്ക് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കൊല്ലം , കൊട്ടാരക്കര വഴി പരമാവധി പോകുന്നതിന് നിർദേശം നൽകി. അല്ലാത്ത വാഹനങ്ങൾ അമ്പലപ്പുഴയിൽ നിന്ന് തിരിച്ചുവിടും. ഇതിനായി അമ്പലപ്പുഴയിലും അരൂരും പൊലീസ് പട്രോളിങ് ഏർപ്പെടുത്തും. 

ചന്തിരൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ ശോച്യാവസ്ഥ പരിഹരിക്കാൻ അവിടെ കോൺക്രീറ്റ് ടൈൽ പാകും. കെട്ടിക്കിടക്കുന്ന ചെളി പൂർണമായും നീക്കം ചെയ്യും. വെള്ളക്കെട്ട് ഒഴിവാക്കാ‍ൻ കാനകൾ ശുചീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി.നിർമാണ പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കലക്ടർ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com