ഉയരപ്പാത നിർമാണം: ഗതാഗതക്കുരുക്കിന് ഞായറാഴ്ചയും ‘മുടക്ക’മില്ല

Mail This Article
അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഇന്നലെയും രൂക്ഷമായിരുന്നു. വൈറ്റില, തോപ്പുംപടി എന്നിവിടങ്ങളിൽ നിന്നു ചേർത്തല, ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴി തിരിച്ചു വിടുകയാണ്. അരൂക്കുറ്റി റോഡിനു വീതിക്കുറവുള്ളതിനാൽ ഇരു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകും. അരൂർ ബൈപാസ് കവല മുതൽ ക്ഷേത്രം ജംക്‌ഷൻ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ചരക്കു വാഹനങ്ങൾ അരൂരിലേക്ക് കടത്തിവിടില്ല. പകരം അങ്കമാലി വഴി പോകണം. എന്നിട്ടും അരൂരിലെ ഗതാഗത പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാനായില്ല.
പടിഞ്ഞാറെ പാതയിൽ കുത്തിയതോട്, മോഹം ആശുപത്രി, സാനിയ തിയറ്റർ, അരൂർ അബാദ് കോൾഡ് സ്റ്റോറേജിനു സമീപം എന്നിവിടങ്ങളിൽ കോൺക്രീറ്റ് ഇന്റർലോക്ക് ചെയ്യുന്ന ജോലി തുടരുകയാണ്. എന്നാൽ, കനത്ത മഴ മൂലം ടൈൽ പാകിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. വെള്ളം ഒഴുകിപ്പോകാൻ മാർഗവുമില്ല. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം കൂടി ഏർപ്പെടുത്തിയാൽ മാത്രമേ വാഹന യാത്ര സുഗമമാകൂ. ചന്തിരൂർ സ്കൂളിന് സമീപം ഇപ്പോഴും വലിയതോതിൽ വെള്ളക്കെട്ടാണ്. ജനങ്ങൾക്കു നടന്നു പോകാൻ പോലും കഴിയുന്നില്ല. കോൺക്രീറ്റ് മിശ്രിതമിട്ട് ഉറപ്പിച്ച സ്ഥലങ്ങളിലെല്ലാം പെയ്ത്തുവെള്ളം നിറഞ്ഞ് കുഴമ്പു പരുവത്തിലായി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വാഹന യാത്ര ഇപ്പോഴും അസാധ്യമാണ്.