അരൂർ–തുറവൂർ ഉയരപ്പാത നിർമാണം, തീരാതെ ദുരിതം; പാതാളക്കുഴികൾ, റോഡിൽ അപകടപ്പെരുമഴ
Mail This Article
അരൂർ∙ഉയരപ്പാത നിർമാണ സ്ഥലത്ത് ഇരു ഭാഗത്തെയും റോഡുകളിൽ കുഴികൾ രൂപംകൊണ്ടതിനാൽ റോഡിൽ അപകടങ്ങളുടെ പെരുമഴ.റോഡിന്റെ ഇരുഭാഗത്തും അടച്ച കുഴികളിൽ ഭൂരിഭാഗവും പൂർവ സ്ഥിതിയിലായി. പാതാളക്കുഴികളും ഏറെയാണ്.വെള്ളക്കെട്ടും അതിശക്തമായി.ഭാരവാഹനങ്ങൾ വഴിതിരിച്ചു വിടുമെന്ന പ്രഖ്യാപനമല്ലാതെ നടപടി ഉണ്ടാകുന്നില്ല. ഒട്ടേറെ ഭാരവാഹനങ്ങൾ ഉയരപ്പാത നിർമാണ സ്ഥലത്തെ റോഡുകളിൽ കൂടി കടന്നു പോകുന്നുണ്ട്.പൊലീസിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ ഉണ്ടാകുന്നില്ല. അരൂരിൽ റോഡിന്റെ പടിഞ്ഞാറുഭാഗത്ത് പലയിടത്തും കാൽനട യാത്രികർക്ക് നടപ്പാത നിർമിച്ചിട്ടുണ്ടെങ്കിലും പലയിടത്തും നടപ്പാത തകർന്നു.വെള്ളക്കെട്ടുമൂലം ഇരുചക്ര വാഹനങ്ങൾ നടപ്പാതയിലൂടെ പോകുന്നുണ്ട്.സ്വകാര്യ ബസുകളുടെ അമിത വേഗം മറ്റു വാഹനങ്ങൾക്കു പലപ്പോഴും ദുരിതമാകുന്നുണ്ട്. ബസുകൾ അമിത വേഗത്തിൽ പോകുമ്പോൾ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം വഴി യാത്രികരുടെ ദേഹത്തേക്കു മറ്റ് ചെറുവാഹനങ്ങളിലേക്കും തെറിച്ചു വീഴുകയാണ്.
മഴ മൂലം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. വാഹനയാത്രികർ ഇപ്പോഴും ദുരിതത്തിൽ തന്നെയാണ്. ചില സമയങ്ങളിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ട്.റോഡിൽ പെയ്ത്തുവെള്ളം കെട്ടിക്കിടക്കുന്നു. ഒഴുക്കി വിടാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ചെയ്ത നിർമാണ പ്രവർത്തനങ്ങളെല്ലാം പാഴ് വേലയായി മാറും.റോഡിന്റെ ഇരുവശങ്ങളിലും കാനയുണ്ടെങ്കിലും പെയ്ത്തു വെള്ളം ഒഴുകിപ്പോകുന്നില്ല. റോഡിന്റെ കിഴക്കു ഭാഗത്ത് പുതുതായി നിർമിച്ച കാന ഇതുവരെ കായലുമായി ബന്ധപ്പെടുത്തിയിട്ടില്ല.നിലവിലെ റോഡിന്റെ അവസ്ഥ കലക്ടർ നേരിട്ടുവന്നു പൂർണമായും കാണണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വലിയ വാഹനങ്ങൾ അരൂക്കുറ്റി റോഡിലൂടെ പോകുന്നതു മൂലം പലഭാഗത്തും ജപ്പാൻ ജലവിതരണ പൈപ്പുകളും പൊട്ടുന്നുണ്ട്.