ADVERTISEMENT

ഏലൂർ ∙ പെരിയാറും കൈവഴികളും കരകവിഞ്ഞതിനെത്തുടർന്നു കുറ്റിക്കാട്ടുകര ബോസ്കോ നഗർ, പവർ ലൂം നഗർ, ഇഎസ്ഐ, മഞ്ഞുമ്മൽ, എടമ്പാടം, പള്ളിപ്പുറം ചാൽ, ചിറാക്കുഴി, വലിയചാൽ, പാതാളം, പ്രദേശങ്ങളിലായി 135 വീടുകളിൽ വെള്ളം കയറി. മുന്നൂറോളം വീടുകൾ വെള്ളക്കെട്ടു ഭീഷണിയിലാണ്. കുറ്റിക്കാട്ടുകര ഗവ. യുപി സ്കൂൾ, ഫാക്ട് ഈസ്റ്റേൺ സ്കൂൾ, പാതാളം ഗവ.എച്ച്എസ്എസ്, ഐഎസി യൂണിയൻ ഓഫിസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4 ക്യാംപുകളിലുമായി 105 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.

പുലർച്ചെ 4 മണിയോടെയാണു പെരിയാറിൽ നിന്നു കരയിലേക്കു നല്ല ശക്തിയോടെ വെള്ളമൊഴുകിത്തുടങ്ങിയത്. വാഹനങ്ങളെയും വളർത്തു മൃഗങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. കൗൺസിലർമാരായ നിസ്സി സാബു, കെ.എം. ഇസ്മായിൽ, അനിൽകുമാർ, കെ.എ.മാഹിൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ.ആർ.രഞ്ജിത്ത്, എ.കെ.സിബിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുവാക്കൾ രാവിലെ തന്നെ രക്ഷാപ്രവർത്തനം നടത്തി. പ്രായമായവരെയും കുട്ടികളെയും വഞ്ചിയുടെ സഹായത്തോടെ സുരക്ഷിതമായി പുറത്തെത്തിച്ചു. വീട്ടുസാധനങ്ങളും കുട്ടികളുടെ പഠനസാമഗ്രികളുമെല്ലാം വീടുകളുടെ രണ്ടാം നിലയിലും മറ്റുമായി മുൻകരുതലെന്ന നിലയിൽ മാറ്റിയിരുന്നു. പലരും ബന്ധുവീടുകളിൽ അഭയം തേടി. ‌കുറ്റിക്കാട്ടുകര ഗവ.യുപി സ്കൂൾ ക്യാംപിൽ 44ഉം ഫാക്ട് ഈസ്റ്റേൺ സ്കൂൾ ക്യാംപിൽ 31ഉം കുടുംബങ്ങളാണുള്ളത്.

 വെള്ളക്കെട്ടിൽ നിന്നു വളർത്തു നായ്ക്കളെ രക്ഷപ്പെടുത്തിക്കൊണ്ടുപോകുന്ന ഗൃഹനാഥൻ. ഏലൂർ കുറ്റിക്കാട്ടുകരയിൽ നിന്നുള്ള ദൃശ്യം.
വെള്ളക്കെട്ടിൽ നിന്നു വളർത്തു നായ്ക്കളെ രക്ഷപ്പെടുത്തിക്കൊണ്ടുപോകുന്ന ഗൃഹനാഥൻ. ഏലൂർ കുറ്റിക്കാട്ടുകരയിൽ നിന്നുള്ള ദൃശ്യം.

പാതാളം സ്കൂളിൽ 10 കുടുംബങ്ങളെയും ഐഎസി യൂണിയൻ ഓഫിസ് ഹാളിൽ 20 കുടുംബങ്ങളെയും മാറ്റിത്താമസിപ്പിച്ചു. ക്യാംപുകളിൽ യുവജന ക്ഷേമ ബോർഡ‍ിന്റെ ടീം കേരള വൊളന്റിയർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ക്യാംപിൽ കഴിയുന്നവർക്കുള്ള ഭക്ഷണം തയാറാക്കുന്നതുൾപ്പെടെ ചെയ്യുന്നത് ഇവരാണ്. മെഡിക്കൽ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ക്യാംപുകളുടെ പ്രവർത്തനം തഹസിൽദാർ ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ വിലയിരുത്തി.മഞ്ഞുമ്മലിൽ പുഴയുടെ തീരത്തുള്ള വീടുകളും വെള്ളക്കെട്ടിലായി. കളമശേരി മുട്ടാറിലും വീടുകൾ വെള്ളക്കെട്ടു ഭീഷണിയിലാണ്.

 കുറ്റിക്കാട്ടുകര ബോസ്കോ നഗറിലെ വെള്ളക്കെട്ടിലൂടെ ദുരിതാശ്വാസ ക്യാംപിലേക്കു പോകുന്നവർ.
കുറ്റിക്കാട്ടുകര ബോസ്കോ നഗറിലെ വെള്ളക്കെട്ടിലൂടെ ദുരിതാശ്വാസ ക്യാംപിലേക്കു പോകുന്നവർ.

15 ദിവസത്തിനിടയിൽ രണ്ടാമത്തെ വെള്ളപ്പൊക്കം
ഏലൂർ ∙ നഗരസഭയിലെ ബോസ്കോ നഗർ, പവർലൂം നഗർ, ചിറാക്കുഴി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കു മഴക്കാലം പരിഹാരമില്ലാത്ത ദുരിതങ്ങളുടെ മാസങ്ങളാണ്. താഴ്ന്ന പ്രദേശങ്ങളായതിനാലും പുഴയുടെ തീരദേശത്തായതിനാലും പെട്ടെന്നു ഇവിടെ  വെള്ളം നിറയും. ഈ മഴക്കാലത്തു 15 ദിവസത്തിനിടയിൽ രണ്ടാമത്തെ പ്രാവശ്യമാണു ഇവർക്കു വീടുകളിൽ നിന്നു ക്യാപുകളിലേക്കു മാറേണ്ടി വന്നത്.

ഈ മാസം 16ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇവർക്കു വീടുവിട്ട് ക്യാംപിൽ പോകേണ്ടിവന്നു. വെള്ളമിറങ്ങി അന്നു തന്നെ വീട്ടിലേക്കു മടങ്ങാൻ കഴിഞ്ഞു. ഇന്നലെ നേരിട്ടതു പ്രളയ സമാനമായ വെള്ളപ്പൊക്കമായതിനാലും മഴ തുടരുന്നതിനാലും എപ്പോൾ വീട്ടിലേക്കു മടങ്ങാനാവുമെന്ന് പറയാനാവില്ല. നഗരസഭയിലും സമീപ പ്രദേശങ്ങളിലും പകർച്ചവ്യാധി വ്യാപനമുള്ളതിനാൽ ക്യാംപുകളിൽ കഴിയുന്നതും ആശങ്കയോടെയാണ്. വെള്ളം കയറിയ വീടുകളിൽ വെള്ളമിറങ്ങിക്കഴിയുമ്പോഴുള്ള ശുചീകരണവും ബുദ്ധിമുട്ടു നിറഞ്ഞതാണ്. ഇഴജന്തുക്കളെയും ഭയക്കണം.

ഏലൂർ കുറ്റിക്കാട്ടുകര ഗവ.യുപി സ്കൂളിൽ ദുരിതാശ്വാസ ക്യ‌ാംപിൽ പ്രഭാത ഭക്ഷ‌ണം വിതരണം ചെയ്യുന്നു.
ഏലൂർ കുറ്റിക്കാട്ടുകര ഗവ.യുപി സ്കൂളിൽ ദുരിതാശ്വാസ ക്യ‌ാംപിൽ പ്രഭാത ഭക്ഷ‌ണം വിതരണം ചെയ്യുന്നു.

ക്യാംപിൽ  തർക്കം; ഉച്ചഭക്ഷണമെത്തിച്ച‌് കോൺഗ്രസ് പ്രവർത്തകർ
ഏലൂർ ∙ ഫാക്ട് ഈസ്റ്റേൺ സ്കൂളിൽ തുറന്ന ക്യാംപിൽ ഭക്ഷണം നൽകുന്ന കാര്യത്തിൽ തർക്കം. ഭക്ഷണം നൽകാൻ ഉത്തരവില്ലെന്നു ഏലൂർ വില്ലേജ് ഓഫിസറും റവന്യു വകുപ്പാണ് ദുരിതാശ്വാസ ക്യാംപുകളുടെ നടത്തിപ്പ് വഹിക്കേണ്ടതെന്നു നഗരസഭാ ഉദ്യോഗസ്ഥരും നിലപാടു സ്വീകരിച്ചതാണു തർക്കത്തിനിടയാക്കിയത്. ഹോട്ടലുകളിൽ നിന്നു ഭക്ഷണം വാങ്ങി നൽകുന്നതിന്റെ ബില്ലു മാറി നൽകാനാവില്ലെന്നും സപ്ലൈകോയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിന്റെ ബില്ലു സമർപ്പിക്കണമെന്നുമാണ് വില്ലേജ് ഓഫിസർ ആവശ്യപ്പെട്ടത്. ഭക്ഷണം ഏർപ്പെടുത്താത്ത കാര്യം കൗൺസിലർ കെ.എ.മാഹിൻ പറവൂർ തഹസിൽദാരുടെ ശ്രദ്ധയിലും പെടുത്തു. ഉച്ചഭക്ഷണം ലഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നപ്പോൾ ഏലൂരിലെ കോൺഗ്രസ് മണ്ഡലം പ്രസി‍ഡന്റ് കെ.എം.അബ്ദുൽറസാക്കിന്റെ നേതൃത്വത്തിൽ 40 പേർക്കുള്ള ഉച്ചഭക്ഷണം ഹോട്ടലിൽ നിന്ന് എത്തിച്ചു നൽകി.

പാതാളത്തെ എല്ലാ ഷട്ടറുകളും തുറക്കാനായില്ല
ഏലൂർ ∙ പാതാളം റഗുലേറ്റർ ബ്രിജിലെ എല്ലാ ഷട്ടറുകളും തുറക്കാനായില്ല. 13 ഷട്ടറുകളും ഒരു ലോക് ഷട്ടറും ഉള്ള റഗുലേറ്റർ ബ്രിജിന്റെ 11 ഷട്ടറും ലോക് ഷട്ടറും തിങ്കളാഴ്ച രാത്രി 9 മണി മുതൽ തുറന്നുവച്ചിരുന്നു. ആദ്യത്തെ 2 ഷട്ടറുകൾ തുറന്നിരുന്നില്ല. ഇന്നലെ രാവിലെ ഇതിൽ ഒരു ഷട്ടർ കൂടി തുറന്നു. പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പ്രവർത്തനക്ഷമമായ എല്ലാ ഷട്ടറുകളും പരമാവധി ഉയർത്തിവച്ചു. രണ്ട‌ാമത്തെ ഷട്ടർ യന്ത്രത്തകരാറുമൂലം അടഞ്ഞുതന്നെ കിട‌ക്കുകയാണ്. പുഴയുടെ സുഗമമായ ഒഴുക്കിന് ഇതു തടസ്സമാകുന്നുണ്ട‌്.ഈ മാസം 16ന് 2 ഷട്ടറുകൾ തകരാറിലായിരുന്നു. ഇതിൽ ഒരെണ്ണം മാത്രമേ മെക്കാനിക്കൽ വിഭാഗത്തിനു പ്രവർത്തിപ്പിക്കാനായുള്ളു.

പെരിയാറിൽ ജലനിരപ്പ് 4.5 മീറ്റർ ഉയർന്നു
ആലുവ∙ മഴ കനക്കുകയും ഭൂതത്താൻകെട്ട് അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തുകയും ചെയ്തതോടെ, വെള്ളപ്പൊക്ക ഭീതിയുണർത്തി പെരിയാറിൽ ജലനിരപ്പ് 4.5 മീറ്റർ ഉയർന്നു. പുഴവെള്ളത്തിൽ ചെളിയുടെ അളവു  വർധിച്ച് 150 എൻടിയുവിൽ എത്തി. പുഴയിൽ ഒഴുക്കും ശക്തമാണ്. മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് ഒപ്പമാണു പുഴ ഒഴുകുന്നത്. 

ഓഗസ്റ്റ് 3നു നടക്കുന്ന കർക്കടക വാവുബലിക്കു ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഇതുവരെ നടത്തിയ ഒരുക്കങ്ങളെല്ലാം പാഴായി. ഭക്തർക്കു നിൽക്കാനുള്ള പന്തലും വ്യാപാര സ്റ്റാളുകളും ഒഴുകിപ്പോയി. മഴ ഇതുപോലെ തുടർന്നാൽ ഇത്തവണ പുഴയോരത്തു പിതൃകർമങ്ങൾ നടത്താനാവുമോ എന്ന് ഉറപ്പില്ല. പെരിയാറിന്റെ കൈവഴികളായ തോടുകളും നിറഞ്ഞൊഴുകുകയാണ്. ആലുവയുടെ വിവിധ ഭാഗങ്ങളിൽ 31 വീടുകളിൽ വെള്ളം കയറി.

ഇതിൽ 10 വീടുകൾ കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ പ്രദേശത്താണ്. നഗരസഭയുടെ മത്സ്യ, മാംസ മാർക്കറ്റിലും വെള്ളം കയറി. ചൂർണിക്കര പഞ്ചായത്തിൽ 15 വീടുകളിൽ വെള്ളം കയറി. കരുവേലി തുരുത്ത്, ഐരാർ, കൊറ്റനത്ത് കടവ്, ജവാഹർ നഗർ, മുതിരപ്പാടം എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്.  ഈ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ ക്യാംപുകളിലേക്കു മാറ്റി. കുറച്ചുപേർ ബന്ധുവീടുകളിലേക്കു പോയി. തോട്ടുമുഖം പരുന്തുറാഞ്ചി മണപ്പുറം പൂർണമായും വെള്ളത്തിനടിയിലാണ്. കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം വെസ്റ്റ്, പറോട്ടി ലൈൻ, തുരുത്തി ലൈൻ എന്നിവിടങ്ങളിലെ 6 വീടുകളിൽ വെള്ളം കയറി. തൃശൂർ ജില്ലയിൽ റെയിൽപാളത്തിലേക്കു മണ്ണിടിഞ്ഞതിനെ തുടർന്നു തെക്കു നിന്നു വന്ന ട്രെയിനുകൾ 2 മണിക്കൂർ ആലുവയിൽ പിടിച്ചിട്ടു.

മുട്ടാർ കടവ് പാല‌ംഅപകടനിലയിൽ
കളമശേരി ∙ പ്രളയത്തിൽ അപകടത്തിലായ മുട്ടാർ കടവ് പാലം പൊളിച്ചുമാറ്റുന്നതിനോ പുനർനിർമിക്കുന്നതിനോ നടപടിയില്ല. പകരം പാലം അപകട‌ത്തിൽ എന്ന മുന്നറിയിപ്പു നൽകുന്ന ബാനർ വലിച്ചുകെട്ടി പാലം താഴോട്ടു പതിക്കുന്നതും കാത്തിരിക്കുകയാണ് നഗരസഭ. പാലത്തിന്റെ ഒരു ഭാഗം ഇട‌പ്പള്ളിതോട്ടിൽ വീണ നിലയിലാണ്. മറുഭാഗം കൂടി തോട്ടിൽ വീണാൽ തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുകയും സമീപപ്രദേശത്തെ വീടുകൾ ദുരിതത്തിലാവുകയും ചെയ്യും. തോട് ഇറിഗേഷൻ വകുപ്പിന്റെയാണെങ്കിലും അവർ പാലം പുനർനിർമിക്കാൻ താൽപര്യം കാണിക്കുന്നില്ല. കനാലിന്റെ അതിർത്തിക്കപ്പുറത്തു നിർദിഷ്ട പാലത്തിന്റെ തൂണുകൾ സ്ഥാപിക്കണമെന്ന വ്യവസ്ഥയിൽ പാലം നിർമാണത്തിനു എൻ‌ഒസി നൽകാവുന്നതാണെന്നു കെഎംആർഎൽ ഇറിഗേഷൻ വകുപ്പിനെ അറിയിച്ചിരുന്നു.

മന്ത്രി പി.രാജീവും ഇറിഗേഷൻ, കെഎംആർഎൽ ഉദ്യോഗസ്ഥരും ഇവിടം സന്ദർശിച്ചു താൽക്കാലിക പാലത്തിനു പകരം സ്ഥിരം സംവിധാനം വേണമെന്ന ധാരണയിലെത്തിയിരുന്നു. നഗരസഭയ്ക്ക് പാലം നിർമിക്കുന്നതിനു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വേണം. പാലം പുനർനിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നു കൗൺസിലർ കെ.യു.സിയാദ് അറിയിച്ചു. മുട്ടാർ ഭാഗത്തുള്ളവർക്കു ദേശീയപാതയിലേക്കു പ്രവേശിക്കുന്നതിനു സഹായിക്കുന്ന പാലമാണ് അപകടാവസ്ഥയിൽ തുടരുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com