ഡോ. ഗ്രിൻസൺ ജോർജ് സിഎംഎഫ്ആർഐയുടെ പുതിയ ഡയറക്ടർ

Mail This Article
കൊച്ചി∙ ഡോ. ഗ്രിൻസൺ ജോർജ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. സിഎംഎഫ്ആർഐയിലെ സമുദ്ര ജൈവവൈവിധ്യ പരിസ്ഥിതി മാനേജ്‌മെന്റ് വിഭാഗത്തിന്റെ മേധാവിയായിരുന്നു. സൗത്ത് എഷ്യൻ അസോസിയേഷൻ ഫോർ റീജിയനൽ കോർപ്പറേഷന്റെ (സാർക്) ധാക്ക കേന്ദ്രത്തിൽ സീനിയർ പ്രോഗ്രാം സ്പഷലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
മത്സ്യവിഭവ പരിപാലനം, സമുദ്ര ജൈവ വൈവിധ്യം, പരിസ്ഥിതി മാനേജ്‌മെന്റ്, ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിങ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ 22 വർഷത്തെ ഗവേഷണ പരിചയമുണ്ട്. ദേശീയ, രാജ്യാന്തര തലത്തിൽ വിവിധ ഗവേഷണ പ്രോജക്ടുകളുടെ മേധാവിയായി പ്രവർത്തിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ഐഎസ്ആർഒ, കാലാവസ്ഥാ വ്യതിയാന പഠനത്തിനുള്ള ഐസിഎആറിന്റെ നിക്ര ഗവേഷണ പദ്ധതി, ഇന്തോ-യുകെ വാട്ടർ ക്വാളിറ്റി ഇനിഷ്യേറ്റീവ് എന്നിവ ഇതിൽപെടും.
കുസാറ്റ്, കുഫോസ് സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കുസാറ്റ്, കുഫോസ്, ആന്ധ്ര സർവകലാശാല, മാംഗ്ലൂർ സർവകലാശാല എന്നിവയുടെ അംഗീകൃത ഗവേഷണ ഗൈഡാണ്. തൃശൂർ ചാലക്കുടി സ്വദേശിയാണ്.